BREAKING NEWSKERALALATEST

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശിവശങ്കര്‍ തിരിച്ചെത്തി; വകുപ്പ് തീരുമാനം ഉടന്‍

തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തിയ എം. ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തു. അദ്ദേഹത്തെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച കിട്ടിയെങ്കിലും ഏതു പദവി നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഏത് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാലാണ് അദ്ദേഹത്തിന് ഓഫീസില്‍ ഹാജരാകാന്‍ കഴിയാതിരുന്നത്. ഇതേതുടര്‍ന്ന് ഇന്നാണ് അദ്ദേഹം സെക്രട്ടേറിയറ്റിലെത്തിയത്. ശിവശങ്കറിന് നല്‍കുന്ന പദവിയെന്താണെന്നറിയാന്‍ പ്രതിപക്ഷവും ആകാംഷയിലാണ്.
സസ്‌പെന്‍ഷനിലാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന്റെ കാലാവധി കഴിഞ്ഞാല്‍ മടങ്ങിയെത്തുക ആ പദവിയിലേക്കാണ് തന്നെയാകും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടക്കം ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെയാണ് കേസില്‍ പെട്ട് ശിവശങ്കര്‍ സസ്‌പെന്‍ഷനിലാകുന്നത്. അതിനാല്‍ മറ്റേതെങ്കിലും വകുപ്പിന്റെ ചുമതലയാകും ശിവശങ്കറിന് നല്‍കുക.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം.ശിവശങ്കര്‍ സര്‍വീസിന് പുറത്തായി ഒരുവര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് തിരിച്ചുവരുന്നത്. 2023 ജനുവരി 24 വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജൂലായ് ആറിനാണ് ശിവശങ്കറിനെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സംസ്ഥാന വിജിലന്‍സിന്റെയും കേസില്‍ ശിവശങ്കര്‍ പ്രതിയായിരുന്നു. കേസില്‍ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്തതോടെ 98 ദിവസം ജയില്‍വാസവും അനുഭവിച്ചു. സ്വര്‍ണക്കടത്ത് കേസിന് പുറമെ ലൈഫ് മിഷന്‍ അഴിമതി കേസിലും ശിവശങ്കര്‍ അറസ്റ്റിലായിരുന്നു. 2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കറിന് എല്ലാ കേസിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനാകാന്‍ സാധിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker