തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പുനപരിശോധിക്കാന്‍ 15 അംഗ സമിതിയെ നിയമിച്ചു. സമിതി നിര്‍ദേശിക്കുന്ന ഉത്തര സൂചികയനുസരിച്ച് മറ്റന്നാള്‍ മുതല്‍ മൂല്യനിര്‍ണയം നടക്കും. ഇതുവരെ നോക്കിയ പേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തും. ബഹിഷ്കരിച്ച അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക ബഹിഷ്കരണത്തെ കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. റിപ്പോര്‍ട്ടില്‍ എന്തു നടപടിയെന്ന് ഇപ്പോള്‍ പറയാനാകില്ല. അധ്യാപകരുടെ ബഹിഷ്കരണം പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അധ്യാപകര്‍ പുറത്തുവിടുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരസൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.