കനൗജ്: പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. സംഭവത്തില്‍ വധുവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി.
തന്റെ മകള്‍ സോണിയുടെ വിവാഹം ബഗന്‍വ ഗ്രാമത്തിലെ രാംശങ്കറിന്റെ മകന്‍ സോനുവുമായി നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ സോണിയുടെ മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് സോനു വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായും പിതാവിന്റെ പരാതിയില്‍ പറയുന്നു.
‘ഗോധ് ഭാരായി’ ചടങ്ങിന് ശേഷമാണ് വരന്‍ വിവാഹം വേണ്ടെന്ന്വച്ചത്. 2022 ഡിസംബര്‍ നാലിനാണ് ഗോധ് ഭാരായി ചടങ്ങ് നടത്തിയത്. ചടങ്ങില്‍ 60,000 രൂപ ചെലവായെന്നും 15,000 രൂപ വിലമതിക്കുന്ന സ്വര്‍ണമോതിരം വരന് സമ്മാനിച്ചതായും സോണിയുടെ പിതാവ് പറഞ്ഞു.
വിവാഹ നിശ്ചയം കഴിഞ്ഞശേഷം വരന്റെ വീട്ടുകാര്‍ വീണ്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. എന്നാല്‍ വധുവിന്റെ പിതാവ് കൂടുതല്‍ സ്ത്രീധനം നല്‍കാനാവില്ലെന്ന് പറഞ്ഞതാണ് ബന്ധം ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് സോണിയുടെ ബന്ധുക്കളുടെ ആരോപണം.