BREAKINGINTERNATIONAL

ഫ്രഞ്ച് ഫ്രൈസിന് പകരം ചിക്കന്‍ ബര്‍ഗറിന് ബില്ലടിച്ചു, 2 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് യുവാവ്

ബില്ലിംഗില്‍ തെറ്റ് പറ്റിയതിനെ തുടര്‍ന്ന് മക്‌ഡൊണാള്‍ഡ്‌സിനെതിരെ പരാതിയുമായി ഒരു 33 -കാരന്‍. ബെംഗളൂരുവിലാണ് സംഭവം നടന്നത്. തനിക്ക് മക്‌ഡൊണാള്‍ഡ്‌സ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.
യുവാവ് ഓര്‍ഡര്‍ ചെയ്തത് ഫ്രഞ്ച് ഫ്രൈസാണ്. എന്നാല്‍, ബില്ലടിച്ചത് ചിക്കന്‍ ബര്‍ഗറിനും. വെജിറ്റേറിയനായ തനിക്ക് ബില്ലില്‍ ചിക്കന്‍ ബര്‍ഗര്‍ എന്ന് കണ്ടത് മാനസികപ്രയാസമുണ്ടാക്കി എന്നും അതിനാല്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വേണം എന്നും പറഞ്ഞാണ് യുവാവ് പരാതി നല്‍കിയത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ലിഡോ മാളിലെ മക്ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റിലാണ് സംഭവം നടന്നത്. പരാതിക്കാരനും മരുമകനുമാണ് ഫ്രഞ്ച് ഫ്രൈസ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, ബില്ലില്‍ മക്‌ഫ്രൈഡ് ചിക്കന്‍ ബര്‍ഗര്‍ (എംഎഫ്സി) എന്നായിരുന്നു എഴുതിയിരുന്നത്. അതിന് വിലയും കൂടുതലായിരുന്നു. അപ്പോള്‍ തന്നെ അവര്‍ തെറ്റ് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം എന്ന നിലയില്‍ 100 രൂപ നല്‍കാന്‍ തയ്യാറാവുകയും ചെയ്തു.
എന്നാല്‍, മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഔപചാരികമായി ഖേദം പ്രകടിപ്പിക്കണം എന്ന് യുവാവ് ആവശ്യപ്പെട്ടു. അത് കിട്ടിയില്ല എന്നും പറഞ്ഞാണ് യുവാവ് പരാതിയുമായി മുന്നോട്ട് പോയത്. ഒരു പോലീസ് പരാതി, മക്‌ഡൊണാള്‍ഡിന് ഒരു ഇമെയില്‍, ബാംഗ്ലൂര്‍ അര്‍ബന്‍ II അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും പരാതി എന്നിവയെല്ലാം യുവാവ് ചെയ്തു.
എന്നാല്‍, യുവാവിന്റെ പരാതി തള്ളിപ്പോയി. യുവാവിന് നല്‍കിയത് ഫ്രഞ്ച് ഫ്രൈസ് തന്നെയാണ്. അതുകൊണ്ട് വെജിറ്റേറിയനായ യുവാവിന് പ്രയാസമൊന്നും ഉണ്ടായില്ല. മാത്രമല്ല, ചെറിയൊരു തെറ്റ് പറ്റിപ്പോയതാണ്. അത് അപ്പോള്‍ തന്നെ തിരുത്തിയിട്ടുമുണ്ട് എന്നാണ് കണ്‍സ്യൂമര്‍ കോര്‍ട്ട് പറഞ്ഞത്.

Related Articles

Back to top button