കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കോടതി കുറ്റവിമുക്തനാക്കിയ ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ജലന്ധര്‍ മെത്രാനാക്കാനുള്ള നടപടി പുനപരിശോധിക്കണമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്സ്.
ക്രൈസ്തവ സഭയുടെ ആധാരശിലയായ പത്ത് കല്പനകളെയും കാനോന്‍നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്നും സേവ് ഔവര്‍ സിസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേത് പ്രാഥമിക വിധി മാത്രമാണെന്നും, ബിഷപ്പായി നിയമിക്കാനുളള നടപടി ദുരൂഹമാണെന്നും എസ്.ഒ.എസ് വ്യക്തമാക്കി.
ആറാം പ്രമാണമുള്‍പ്പെടെ ലംഘിച്ച വ്യക്തിയെ വീണ്ടും അജപാലകനായി നിയോഗിക്കുന്നത് സഭയുടെ എല്ലാ ധാര്‍മിക നിലപാടുകളുടെയും ദുരന്തപൂര്‍ണമായ തകര്‍ച്ചയാണ്. അതിനാല്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ മെത്രാനാക്കാനുള്ള നടപടിയില്‍ നിന്ന് വത്തിക്കാന്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്റ്റേഴ്സ് മാര്‍പ്പാപ്പക്ക് നിവേദനം അയച്ചു.
ഫ്രാങ്കോ മുളയ്ക്കല്‍ ഉടന്‍ ചമതയേക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2018ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ അധ്യക്ഷ പദവിയില്‍ നിന്നും നീക്കിയത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. വെറുതെ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി. ഗോപകുമാര്‍ വിധി പറഞ്ഞത്.
പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്. ജലന്ധര്‍ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയില്‍ കോട്ടയം കോണ്‍വെന്റിലെത്തിയപ്പോള്‍ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു അതിജീവിതയുടെ പരാതി.
വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്ന് അതിജീവിത ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.