BREAKING NEWSKERALA

ഫ്‌ലാറ്റിലെ പീഡനം: പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടിസ്, ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതി ക്രൂരപീഡനത്തിനിരയായ കേസില്‍ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പരാതി ലഭിച്ച് രണ്ടു മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതി തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തൃശൂരിലും കോഴിക്കോട്ടും തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം, പ്രതി തൃശൂരിലുണ്ടെന്നു വിവരം ലഭിച്ചെന്നും ഉടന്‍ പിടിയിലാകുമെന്നും എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രതി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരാതി ലഭിച്ച് രണ്ടു മാസമായിട്ടും കേസന്വേഷണം കാര്യമായി നടക്കാതിരുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതിയെ ഭയന്നു നാടുവിട്ട യുവതി സംസ്ഥാനത്തിനു പുറത്തു സുഹൃത്തുക്കളുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ഫ്‌ലാറ്റില്‍നിന്നു രക്ഷപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഇവരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിക്കൊപ്പമുള്ള യുവതി പറഞ്ഞു. പ്രതി അറസ്റ്റിലായാലും ജാമ്യം കിട്ടി പുറത്തു വന്നാല്‍ വീണ്ടും ആക്രമിക്കുമോ എന്ന ഭീതിയിലാണ് യുവതി. കൊച്ചിയിലും തൃശൂരുമടക്കം സുഹൃദ്‌വലയമുള്ള പ്രതി അവരുടെ സംരക്ഷണത്തിലാണ് ഇപ്പോഴെന്നാണു സംശയം. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കാതിരുന്നതിനാലാണ് പരാതി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മാര്‍ട്ടിന്റെ കസ്റ്റഡിയിലായ യുവതി ഫ്‌ലാറ്റില്‍ ക്രൂര പീഡനത്തിന് ഇരയായെന്നാണ് വെളിപ്പെടുത്തല്‍. മോഡലിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതിയെ, ഓഹരി വിപണിയില്‍ ട്രേഡിങ്ങിനു സഹായിക്കാമെന്നു പറഞ്ഞാണ് മാര്‍ട്ടിന്‍ പരിചയപ്പെട്ടത്. പ്രതിമാസം 40,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. യുവതി കൊച്ചിയില്‍ ബുട്ടീക്ക് തുടങ്ങാന്‍ കരുതി വച്ചിരുന്ന പണം ഇയാള്‍ക്കു നല്‍കി. മാര്‍ട്ടിനുമായി കൂടുതല്‍ അടുപ്പത്തിലായതോടെ ഒരുമിച്ചു താമസം തുടങ്ങി. ഇരുവരും അടുത്ത് ഇടപഴകുന്നതിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു.
വാഗ്ദാനം ചെയ്ത പണം നല്‍കാതിരുന്നതു ചോദ്യം ചെയ്തതോടെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടും ഉപദ്രവിച്ചു. രക്ഷപ്പെട്ടു നാട്ടിലേക്കു പോയ യുവതിയെ, നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തിരിച്ചെത്തിച്ചു. തുടര്‍ന്ന്, ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു പൊള്ളിക്കുകയും മുളകുപൊടി കലക്കി മുഖത്തൊഴിക്കുകയും ചെയ്തു. ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുകയും മുഖത്ത് മര്‍ദിക്കുകയും പതിവായിരുന്നു എന്നും യുവതി പറയുന്നു. 2020 ഫെബ്രുവരി 15 മുതല്‍ 2021 മാര്‍ച്ച് എട്ട് വരെ പീഡനം നേരിട്ടതായാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതിനിടെ പ്രതി ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോള്‍ ഫ്‌ലാറ്റില്‍നിന്നു രക്ഷപ്പെട്ട യുവതി പൊലീസില്‍ അഭയം തേടുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker