തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബുറേവി എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകിട്ടോ രാത്രിയിലോ ശ്രീലങ്കൻ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്ന് വ്യാഴാഴ്ച കന്യാകുമാരി തീരത്തേക്ക് അടുക്കും. ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തില്ലെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. എങ്കിൽപോലും കേരളത്തിലെ തെക്കൻ ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രകമ്പനം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതയാണ് വെച്ചുപുലർത്തുന്നത്.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.