ന്യൂജെനറേഷന് ഭക്ഷണങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ബട്ടര്‍ അഥവാ വെണ്ണ. സാന്‍ഡ്വിച്ചുകളിലും ബര്ഗറിലുമെന്ന് വേണ്ട എല്ലാ വിഭവത്തിലും ബട്ടര്‍ ഇടം പിടിക്കും. പല വീടുകളിലും ഫ്രിഡ്ജിലെ സ്ഥിരം സാന്നിധ്യമാണ് ബട്ടര്‍. വിഭവങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ ഇറ്റാലിയന്‍, ഫ്രഞ്ച്, അമേരിക്കന്‍ സ്റ്റൈല്‍ ഒരു പരിധിവരെ ഇന്ത്യന്‍ ബേക്കിങ് രീതികളുടെ നട്ടെല്ലാണ് വെണ്ണ.
പലതരം ഭക്ഷ്യവസ്തുക്കളില്‍ ബട്ടര്‍ ആവശ്യമുള്ളതിനാല്‍, വിദഗ്ദ്ധരായ പാചകക്കാരും വീട്ടമ്മമാരും തങ്ങളുടെ ബട്ടര്‍ ബ്രാന്‍ഡിന്റെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. എന്തു വിലകൊടുത്താലും, എപ്പോഴും ഇഷ്ടത്തിനനുസരിച്ചുള്ള വെണ്ണയാവും കൂടുതല്‍ പേരും തിരഞ്ഞെടുക്കുക. പാചക വിദഗ്ധരും റെസ്റ്റോറന്റുകളും ഇക്കാര്യത്തില്‍ മുന്പന്തിലാണ്. എത്ര വിലയായാലും ഉദ്ദേശിച്ച അതെ ബട്ടര്‍ തന്നെ അവര്‍ തിരഞ്ഞെടുക്കും. എന്നും കരുതി ഒരു ബട്ടറിനായി 10,000 രൂപ ചിലവാക്കുമോ?
യുകെയില്‍ നിന്നുള്ള ഒരു പ്രത്യേക തരം വെണ്ണ ലോകമെമ്പാടുമുള്ള ബട്ടര്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. റിഡിക്കുലസ് നമ്പര്‍ 55 ലോബ്സ്റ്റര്‍ ആന്‍ഡ് ക്രാബ് ബട്ടര്‍ എന്ന് പേരുള്ള ഈ ബ്രിട്ടീഷ് ബട്ടറിന് 95 പൗണ്ടാണ് വില. കൊഞ്ച്, ഡെവോണ്‍ ഞണ്ട്, കാവിയാര്‍ (വിലകൂടിയ മീന്‍ മുട്ട), നാരങ്ങ, പെരുംജീരകം എന്നീ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ റിഡിക്കുലസ് നമ്പര്‍ 55 ലോബ്സ്റ്റര്‍ ആന്‍ഡ് ക്രാബ് ബട്ടറിന്റെ വില കൂടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ചേരുവകള്‍ മാത്രമല്ല ഈ വെണ്ണയെ ഇത്രയധികം പ്രശസ്തമാക്കിയത്. ഈയിടെ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെടുകയും ഈ വര്‍ഷത്തെ ഗ്രേറ്റ് ടേസ്റ്റ് അവാര്‍ഡില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങും റിഡിക്കുലസ് നമ്പര്‍ 55 ലോബ്സ്റ്റര്‍ ആന്‍ഡ് ക്രാബ് ബട്ടര്‍ നേടി എന്ന് മെട്രോ.യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നുള്ള കുടുംബം നടത്തുന്ന ബിസിനസ്സായ സബ്ലൈം ബട്ടര്‍ ആണ് റിഡിക്കുലസ് നമ്പര്‍ 55 ലോബ്സ്റ്റര്‍ ആന്‍ഡ് ക്രാബ് ബട്ടര്‍ നിര്‍മ്മിക്കുന്നത്. ‘ഗ്രേറ്റ് ടേസ്റ്റ് അവാര്‍ഡുകള്‍ ഭക്ഷണത്തിന്റെ ഓസ്കാര്‍ പോലെയാണ്. ഞങ്ങള്‍ക്ക് മൂന്ന് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചതില്‍ അഭിമാനമുണ്ട്’ കമ്പനി സ്ഥാപകന്‍ ക്രിസ് മൈര് പറഞ്ഞു.