തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരില്‍ അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേര് അടങ്ങുന്ന സംഘമാണ് സുധീഷിനെ വെട്ടിയത്.
അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല് വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഹനങ്ങളില്‍ വന്ന സംഘം അക്രമത്തിനു ശേഷം കാല് റോഡിലെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പോത്തന്‍കോട് ആക്രമിസംഘം വെട്ടിക്കൊന്ന യുവാവ് വധശ്രമക്കേസില്‍ ഒളിവിലിരിക്കുകയായിരുന്നു എന്നു പൊലീസ്. ആറ്റിങ്ങലിലെ വധശ്രമക്കേസിലാണ്, കൊല്ലപ്പെട്ട സുധീഷ് ഒളിവില്‍ പോയിരുന്നത്. സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സുധീഷിനെ കൊലപ്പെടുത്തിയവര്‍ക്കായി തിരുവനന്തപുരം ജില്ലയില്‍ വ്യാപക പരിശോധന നടക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു പോത്തന്‍കോടിനെ വിറപ്പിച്ച് 12 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഗുണ്ടാസംഘത്തെ കണ്ടുഭയന്നു ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ വീടിനകത്തിട്ട് വെട്ടുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലും തകര്‍ത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായാണ് ഗുണ്ടാസംഘം എത്തിയത്. നൂറിലേറെ വെട്ടുകള്‍ സുധീഷിന്റെ ശരീരത്തിലുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.