സ്ത്രീകള്‍ക്ക് സുരക്ഷിതമായ നഗരം ഏതാണ് എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരു നഗരമേ ഇല്ല എന്ന് പറയേണ്ടി വരും. പലതരത്തിലാണ് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍. കഴിഞ്ഞ ദിവസം ഒരു യുവതി ബെംഗളൂരു നഗരമധ്യത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്നു.
യുവതി കാറുമായി പോവുകയായിരുന്നു. ആ സമയത്ത് ഒരു ഓട്ടോ തെറ്റായ രീതിയില്‍ കടന്നു വരികയും മറ്റ് വാഹനങ്ങളെ ഇടിക്കും എന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു. ആ സമയത്ത് സ്ത്രീ ആകെ ചെയ്തത് ഹോണടിക്കുക എന്നത് മാത്രമായിരുന്നു. ഹോണടിച്ചതില്‍ ഓട്ടോ ഡ്രൈവര്‍ ഒന്നും പറഞ്ഞില്ലെങ്കിലും ഓട്ടോയില്‍ പിറകിലിരുന്ന കണ്ടാല്‍ ഇരുപതോ ഇരുപത്തിരണ്ടോ ഒക്കെ വയസ് തോന്നിക്കുന്ന ഒരു യുവാവ് ഇറങ്ങി വരികയും യുവതിയെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
യുവതിയെയും യുവതിയുടെ അമ്മയേയും ലൈംഗികത്തൊഴിലാളികള്‍ എന്ന് പറഞ്ഞാണ് യുവാവ് ആക്ഷേപിച്ചത്. ഇരുവരേയും താന്‍ ബലാത്സംഗം ചെയ്യുമെന്നും അതെങ്ങനെ ആയിരിക്കുമെന്നും എല്ലാം യുവാവ് പറയുന്നുണ്ട്. അതുകൊണ്ടും തീര്‍ന്നില്ല. ഒരുപാട് ചീത്ത വിളിച്ച ശേഷം ഇതെങ്ങാനും ഓണ്‍ലൈനില്‍ പങ്കുവച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും യുവതിയുടെ സ്വകാര്യഭാഗങ്ങള്‍ തകര്‍ക്കുമെന്നും ഒക്കെ യുവാവ് പറയുന്നുണ്ട്.
തന്റെ ക്യാമറയില്‍ ഇത് പകര്‍ത്തിയ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ നഗരം സുരക്ഷിതമാണ് എന്ന് കരുതുന്നുണ്ടെങ്കില്‍, ഇത് പട്ടാപ്പകല്‍ നടന്ന കാര്യമാണ് എന്ന് കുറിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. സിറ്റി പൊലീസും വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വേറെയും നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് പ്രതികരണം അറിയിച്ചെത്തിയത്. യുവാവിന്റെ പെരുമാറ്റം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനെ പലരും അഭിനന്ദിച്ചു.
60 1 minute read