കൊല്‍ക്കത്ത: ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ ബില്‍ പാസാക്കിയ ശേഷം ഗവര്‍ണര്‍ സി.വി ആനന്ദ ബോസിന്റെ അംഗീകാരത്തിനായി അയക്കും. എന്നാല്‍ ബില്‍ പാസാക്കുമോയെന്നതില്‍ സംശയമുണ്ട്. അല്ലാത്തപക്ഷം രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മമത പറഞ്ഞു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ പശ്ചിമബംഗാളില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചത്തെ കൊല്‍ക്കത്ത സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി. ബുധനാഴ്ച സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.
വിവിധ മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പുലര്‍ച്ചെ മുതല്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും പ്രതിഷേധക്കാര്‍ തടഞ്ഞു. മുന്‍ രാജ്യസഭാ എംപി രൂപ ഗാംഗുലി, എംഎല്‍എ അഗ്‌നിമിത്ര പോള്‍ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..
55 Less than a minute