BREAKINGKERALA

ബസിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ല, ബ്രേക്ക് തകരാറല്ല; കെഎസ്ആര്‍ടിസി അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബസിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാര്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എതിര്‍വശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയില്‍ ആയിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആര്‍ ടി ഒ അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പും പൊലീസും ഇന്ന് പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഇന്നലെ രാത്രി പുഴയില്‍ നിന്നും ഉയര്‍ത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ബസ് കരയിലേക്ക് മാറ്റിയത്. അപകടത്തില്‍ മരിച്ച ത്രേസ്യയുടെയും കമലയുടെയും മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തകര്‍ന്ന ബസ് ഇന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് കൊണ്ടുപോകും. അപകടത്തില്‍പ്പെട്ടവരുടെ ചികിത്സ ചെലവ് കെഎസ്ആര്‍ടിസി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും. തിരുവമ്പാടി ഡിപ്പോക്ക് മുന്നിലാണ് സമരം.
തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം ഇന്നലെയാണ് കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളാണ് മരിച്ചത്. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേല്‍ കമലം (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

Related Articles

Back to top button