കോട്ടയം: ബസേലിയസ് കോളജ് വജ്രജൂബിലി ആഘോഷങ്ങൾക്ക് നാളെ തിരശ്ശീല വീഴും. ഒരുവർഷക്കാലം നീണ്ടുനിന്ന വിവിധ പ്രവർത്തനങ്ങൾക്കും ആഘോഷങ്ങൾക്കുമാണ് നാളെ സമാപനം കുറിക്കുന്നത്. ഉച്ചയ്ക്ക് 1.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനസമ്മേളനം ദേവസ്വം-സഹകരണ-തുറമുഖം-രജിസട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ അധ്യക്ഷത വഹിക്കും. എംഒസി കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, എംജി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം റെജി സ്‌കറിയ എന്നിവർ പങ്കെടുക്കും.
2023 ജൂലൈ 15ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്താണ് വജ്രജൂബിലി ആഘോഷങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ അക്കാദമിക് വർഷം കോളജിലെ എല്ലാപഠനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ദേശീയ-അന്തർദേശീയ സെമിനാറുകളും സിംപോസിയങ്ങളും ശില്പശാലകളും സംഘടിപ്പിച്ചു. വജ്രജൂബിലി നിറവിലെത്തിയ കോളജിന് 2023 ഒക്ടോബർ 2ന് പൂർവവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ 75 പേർക്ക് ഇരിക്കാവുന്ന അധ്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ തീയേറ്റർ കോളജിന് സമ്മാനിച്ചു. 2023 നവംബർ 11ന് ഹൃദ്യം എന്നപേരിൽ വജ്രജൂബിലിയുടെ ഭാഗമായി ഏറ്റവും പഴയ തലമുറ മുതൽ ഏറ്റവും പുതിയ തലമുറവരെയുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും സംഗമം നടത്തി, പൂർവ അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി കായികമേഖലയിൽ ബസേലിയസ് എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഇന്റർകോളജ് ഫുട്ബോൾ, ബാസ്‌കറ്റ് ബോൾ മത്സരങ്ങൾ നടത്തി. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടേറെ ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. ഫെബ്രുവരി 17ന് നടന്ന ചടങ്ങിൽ ബസേലിയസ് കോളജിൽ നിന്ന് വിവിധ കാലങ്ങളിൽ പഠിച്ചിറങ്ങി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പൂർവ വിദ്യാർത്ഥികളായ സംരംഭകൻ രാജു കുര്യൻ, ജസ്റ്റിസ് വി.ജി. അരുൺ, നടൻ വിജയരാഘവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഒളിമ്പ്യൻ ജിൻസൺ ജോൺസൺ എന്നിവർക്ക് ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കോളജിലെ ഭവനരഹിതരായ രണ്ട് വിദ്യാർത്ഥികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുകയും ചെയ്തു. വ്യത്യസ്തമായ ഒട്ടേറെ പാഠ്യ-പാഠ്യേതര-സാമൂഹിക പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു വജ്രജൂബിലികാലത്തെ ഒരുവർഷം നീണ്ടപ്രവർത്തനങ്ങളെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസ്, കൺവീനർ പ്രഫ. ഡോ. പി. ജ്യോതിമോൾ, ബർസാർ ഡോ. ആനി ചെറിയാൻ, ജോയിന്റ് കൺവീനർ സണ്ണി വർഗീസ് എന്നിവർ പറഞ്ഞു.