BREAKING NEWSKERALA

ബാധകമല്ലാത്ത നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി നോട്ടീസ്; രേഖകള്‍ ഹാജരാക്കാന്‍ തയ്യാര്‍ കിറ്റെക്‌സ് എംഡി

കൊച്ചി: സംസ്ഥാനത്തുള്ള വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ്. 76 നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് തനിക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വ്യവസായത്തിന് ബാധകമല്ലാത്ത പല നിയമങ്ങളും ചൂണ്ടിക്കാണിച്ചാണ് ലംഘനം നടത്തിയെന്ന് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘എല്ലാവരും ഇതുപോലെ പീഡിപ്പിക്കപ്പെടുകയാണ്. ആരും ഭയന്നിട്ട് പുറത്തുപറയുന്നില്ലെന്ന് മാത്രം, പുറത്തുപറഞ്ഞാല്‍ അവനെ വളഞ്ഞിട്ട് ആക്രമിക്കും. എന്റെ അവസ്ഥയാണ് ഇത്. എല്ലാ നിയമങ്ങളും ഞാന്‍ പാലിച്ചിട്ടുണ്ട്. എന്നെ നേരിട്ട് വിളിച്ച് ചോദിക്കട്ടെ, എല്ലാ രേഖകളും ഞാന്‍ ഹാജരാക്കാം. കിട്ടിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന 76 നിയമങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയ ഏതെങ്കിലും ഒരു വ്യവസായത്തെ അവര്‍ കാണിക്കട്ടേ. കേരളത്തില്‍ എത്ര വ്യവസായങ്ങള്‍ ഉണ്ട്, ആര്‍ക്കെങ്കിലും ഇതുപോലെ സംഭവിച്ചോ? അതിനര്‍ഥം എനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ്. 26 വര്‍ഷം ഞാന്‍ പ്രയത്‌നിച്ചു. 76 നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഇപ്പോഴാണോ കണ്ടുപിടിച്ചത്? ലജ്ജാവഹമാണ് ഇത്’, സാബു പറയുന്നു.
പതിനായിരക്കണക്കിന് ആളുകള്‍ ജോലിചെയ്യുന്ന ഒരു ഫാക്ടറിയെ നശിപ്പിക്കാനാണ് ഇങ്ങനെയൊരു നീക്കം. ബാധകമല്ലാത്ത നിയമങ്ങള്‍ താനെന്തിന് പാലിക്കണമെന്നും മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തില്‍ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് കിറ്റക്‌സ് പിന്മാറിയിരുന്നു. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങളും കിറ്റക്‌സ് ഉയര്‍ത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker