KERALALATEST

ബാലുശ്ശേരിയിൽ മത്സരിക്കാൻ ധ‍ർമ്മജൻ താത്പര്യം അറിയിച്ചതായി എം.എം.ഹസ്സൻ

തിരുവനന്തപുരം: ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയായി മത്സരിക്കാൻ ധ‍ർമ്മൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കൺവീന‍ർ എം.എം.ഹസൻ വ്യക്തമാക്കി.

സംവരണമണ്ഡലമായ ബാലുശ്ശേരിയിൽ നിലവിൽ മുസ്ലീം ലീ​ഗാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീ​ഗ് സ്ഥാനാ‍ർത്ഥി യു.സി.രാമൻ 15000-ത്തോളം വോട്ടുകൾക്കാണ് സിപിഎം നേതാവും പുരോ​ഗമന കലാസാഹിത്യസംഘം നേതാവുമായ പുരുഷൻ കടലുണ്ടിയോട് പരാജയപ്പെട്ടത്. ധർമ്മജന് ബാലുശ്ശേരിയിൽ മത്സരിക്കണമെങ്കിൽ സീറ്റ് മുസ്ലീംലീ​ഗിൽ നിന്നും കോൺ​ഗ്രസ് ഏറ്റെടുക്കേണ്ടതായി വരും.

നേരത്തെ മുസ്ലീം ലീ​ഗ് മത്സരിച്ചിരുന്ന കുന്ദമം​ഗലം സീറ്റിൽ കഴിഞ്ഞ തവണ കോൺ​ഗ്രസാണ് മത്സരിച്ചത്. കുന്ദമം​ഗലം ലീ​ഗിന് നൽകി ബാലുശ്ശേരി കോൺ​ഗ്രസ് ഏറ്റെടുക്കുക എന്നൊരു നി‍ർദേശം ഇതിനോടകം ജില്ലയിലെ യുഡിഎഫിൽ ഉയ‍ർന്നു വന്നിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായി കരുതുന്ന ബാലുശ്ശേരിയിൽ ധർമ്മജനെ പോലെ ജനപ്രിയനായ ഒരാളെ  സ്ഥാനാ‍ർത്ഥിയായി കൊണ്ടു വന്നാൽ മണ്ഡലം പിടിക്കാൻ പറ്റിയേക്കും എന്നാണ് കോൺ​ഗ്രസ് കണക്കുകൂട്ടുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിനെയാണ് സിപിഎം ബാലുശ്ശേരിയിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

Related Articles

Back to top button