കോഴിക്കോട്: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണക്കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെയും ഇടത് അനുഭാവിയെയും ഒഴിവാക്കി പൊലീസ്. എസ്ഡിപിഐ, ലീഗ് പ്രവര്‍ത്തകരായ പ്രതികളാണ് ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ചത്. കേസിലെ 11,12 പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഇടത് അനുഭാവിയും ഒഴികെ മറ്റെല്ലാവര്‍ക്കും കേസില്‍ പങ്കെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ഡിപിഐ കൊടി തോരണങ്ങള്‍ നശിപ്പിച്ചോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. നശിപ്പിച്ചെന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഒന്‍പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുക. റിമാന്റ് റിപ്പോര്‍ട്ട് 24നു ലഭിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമായ ജിഷ്ണു രാജിനെ ആക്രമിച്ചകേസില്‍ ഒന്‍പത് പേരെയാണ് ബാലുശ്ശേരി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ 29 പ്രതികള്‍ ആണുള്ളത്.
ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ശക്തമായ വകുപ്പ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയെങ്കിലും മുക്കി കൊല്ലാന്‍ ശ്രമിച്ച ജില്ലാ നേതാവ് സഫീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇനിയും ഒളിവില്‍ തന്നെയാണ്.
എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ പുലര്‍ച്ചെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്ഐആറിലുണ്ട്. പാലൊളിമുക്കില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേര് വളഞ്ഞിട്ടാക്രമിച്ചത്. എസ്ഡിപിഐ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്ലസ്ക് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിനു ശേഷം പൊലീസെത്തിയാണ് ജിഷ്ണുവിനെ രക്ഷിച്ചത്.