LATESTBREAKING NEWSKERALA

ബി​ജു കുര്യൻ മുങ്ങിയത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ, നാളെ കേരളത്തിൽ തിരിച്ചെത്തിയേക്കും; ഇസ്രായേലിൽ നിന്ന് ഇന്ന് പുറപ്പെടുമെന്ന് വിവരം

കൊച്ചി: കാർഷിക പഠനത്തിനായി കേരളത്തിൽ നിന്ന് ഇസ്രായേലിലെത്തി മുങ്ങിയ ബിജു കുര്യൻ നാളെ കേരളത്തിൽ തിരിച്ചെത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബിജു കേരളത്തിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽനിന്ന് ഇസ്രായിലിലെത്തിയ സംഘത്തിൽനിന്ന് കണ്ണൂർ ജില്ലയിലെ ഇരുട്ടി സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്. ഇസ്രായേലിലെ പുണ്ടയസ്ഥലങ്ങൾ സന്ദർശിക്കാനാണ് ഇദ്ദേഹം സംഘം വിട്ടതെന്നാണ് റിപ്പോർട്ട്. ആദ്യ ദിവസം ജറുസലേം സന്ദർശിക്കുകയും അടുത്ത ദിവസം അവിടെനിന്ന് ബെത്‌ലഹേമിലേക്ക് പോകുകയും ചെയ്തു. ബെത്‌ലഹേമിൽ ഒരു ദിവസം തങ്ങിയതിന് ശേഷം കർഷകസംഘത്തിനൊപ്പം ചേർന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ ബിജു മടങ്ങിയെത്തുന്നതിന് മുമ്പ് സംഘാംഗങ്ങൾ കേരളത്തിലേക്ക് മടങ്ങിയിരുന്നു.

ബിജുവിനെക്കുറിച്ച് സർക്കാരിന് നിർണായക സൂചന ലഭിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിനോട് പറഞ്ഞു. ബിജുവിനെ ഉടൻ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രത്തിൽ നിന്ന സർക്കാരിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോൾ ഇത് കൃഷിവകുപ്പിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. സർക്കാർ സ്‌പോൺസർ ചെയ്ത പരിശീലന പരിപാടിക്കിടെയാണ് ഇയാളെ കാണാതായത്. അതുകൊണ്ട് എങ്ങനെയെങ്കിലും ബിജുവിനെ കണ്ടെത്തി വീട്ടുകാരെ ഏൽപ്പിക്കേണ്ട ബാധ്യതയുണ്ട്. ബിജുവിനെതിരെ ഞങ്ങൾ ഒരു നടപടിയും എടുക്കില്ല, പക്ഷെ പൊലീസ് അന്വേഷണത്തിന്റെ ഫലം എന്തായിരിക്കുമെന്നറിയില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രശ്നങ്ങളിൽ ബിജു അസ്വസ്ഥനാണെന്നാണ് വിവരം. പ്രയാസമുണ്ടായതിൽ സംസ്ഥാന കൃഷിമന്ത്രി ഉൾപ്പെടെയുള്ളവരോട് ക്ഷമ ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്. ബിജുവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സഹോദരൻ ബെന്നി കുര്യൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇസ്രായേലിലെ ചില മലയാളി ഗ്രൂപ്പുകളുടെ സഹായത്തോടെ താൻ ഇതിന് ശ്രമിക്കുന്നുണ്ടെന്നാണ് ബെന്നി പറഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker