BREAKING NEWSKERALA

ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന് ലക്ഷദ്വീപിലെ വ്യാപാരികള്‍

കവരത്തി: ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിന് പിന്നാലെ ലക്ഷദ്വീപില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ലെന്ന ബോര്‍ഡുകള്‍ കടകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ല’ എന്ന നോട്ടീസാണ് കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കവരത്തിയിലെ 3 എഫ് എന്ന കടയിലാണ് ഇത്തരം ഒരു പോസ്റ്റര്‍ ആദ്യം ഉയര്‍ന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടയില്‍ ലക്ഷദ്വീപ് ബിജെപിയില്‍ കൊഴിഞ്ഞുപോക്കും ശക്തമാണ്.
ബിജെപി. ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കവരത്തി പോലീസ് രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ ഐഷ സുല്‍ത്താനക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇന്ത്യയെ മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐഷയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും പോലീസ് വ്യക്തമാക്കി.
ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് ഉള്‍പ്പെടെ 12 നേതാക്കള്‍ ഇതിന് പിന്നാലെ രാജിവെച്ചിരുന്നു. പാര്‍ട്ടിവിട്ട എല്ലാവരും ഐഷ താമസിക്കുന്ന ചെത്ത്‌ലത്ത് ദ്വീപ് നിവാസികളാണ്. ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അബ്ദുല്‍ ഹമീദ്. നിലവിലെ വൈസ് പ്രസിഡന്റ് ഉമ്മുകുല്‍സു, ഖാദി ബോര്‍ഡ് അംഗം കൂടിയായ സൈഫുല്ല ഹാജി ജാബിര്‍ സാലിഹത്ത്, അബ്ദുള്‍ സമദ്, അന്‍ഷാദ്, അബ്ദുഷുക്കൂര്‍, നൗഷാദ്, ചെറിയകോയ, ബാത്തിഷാ, മുഹമ്മദ് യാസീന്‍ ആര്‍.എം., മുനീര്‍ മൈദാന്‍ തുടങ്ങിയവരാണ് രാജിക്കത്ത് നല്‍കിയത്.
ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്. നേരത്തെയും ലക്ഷദ്വീപ് ബി.ജെ.പിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ച് കൂട്ടരാജി ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസമാണ് ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
ഐഷയ്‌ക്കെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ കവരത്തി പോലീസിന് പരാതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ക്കെതിരെയാണ് ഐഷ സുല്‍ത്താന പ്രതിഷേധിച്ചത്. അതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല. അമിത് ഷായെ ബിജെപി പ്രവര്‍ത്തകര്‍ കണ്ടുവെങ്കിലും ദ്വീപിലെ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആന്ത്രോത്ത് ദ്വീപില്‍നിന്ന് രണ്ടുപേരും അഗത്തിലില്‍നിന്ന് ഒരാളും രാജിവച്ചിട്ടുണ്ട്.
തന്റെ ശബ്ദം ഇനിയാണ് ഉയരാന്‍ പോകുന്നതെന്ന് കേസെടുത്തതിന് പിന്നാലെ ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു. ‘തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്, എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്’. ഐഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ് സ്വദേശിയാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാന്‍ പോകുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും,’ ഐഷ കുറിച്ചു. ‘നാട്ടുകാരോടായി പറയുന്നു, കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്.ഒറ്റുകാരില്‍ ഉള്ളതും നമ്മളില്‍ ഇല്ലാത്തതും ഒന്നാണ്, ഭയം,’ ഐഷ കൂട്ടിച്ചേര്‍ത്തു.
‘ഒരു വര്‍ഷത്തോളമായി പൂജ്യം കൊവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്പൈര്‍ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റ്‌നെയോ അല്ലാ’. എന്നും ഐഷ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker