ലണ്ടന്‍: ഇന്ത്യ ഭരിക്കുന്ന ബിജെപി എന്തു വിലകൊടുത്തും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണെന്നും അവരുടെ പ്രവൃത്തിയില്‍ ഹൈന്ദവ മൂല്യങ്ങളൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ”ഭഗവത് ഗീതയും ഉപനിഷത്തുകളും ഒട്ടേറെ ഹൈന്ദവ ഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും ബിജെപി പറയുന്ന ഹിന്ദുത്വം കാണാനാവില്ല,” പാരിസിലെ സയന്‍സസ് പിഒ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക സമൂഹവുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ പറഞ്ഞു.
ഹിന്ദു ദേശീയത എന്നത് തെറ്റായ പ്രയോഗമാണ്. വിദ്വേഷവും ബലഹീനരെ ദ്രോഹിക്കലും ഹൈന്ദവ തത്വങ്ങളല്ല. ബിജെപിക്ക് ഹൈന്ദവതയുടെ നന്മകളൊന്നുമില്ല. അധികാരത്തിനുവേണ്ടി ഹിന്ദുത്വത്തെ ഉപയോഗപ്പെടുത്താനാണ് അവരുടെ ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40% വോട്ടു നേടിയ അവര്‍ ഭൂരിപക്ഷ സമുദായം ഒപ്പമാണെന്ന് അവകാശപ്പെടുന്നു. ഭൂരിപക്ഷം സമുദായം കൂടുതലായി പ്രതിപക്ഷ കക്ഷികള്‍ക്കാണു വോട്ടു ചെയ്തത്. ഇന്ത്യയുടെ ആത്മാവു വീണ്ടെടുക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ അതായത് ഭാരത് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നു ഭരണഘടന വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ സംവിധാനത്തില്‍ ആരുടെയും ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നില്ലെന്നും ചോദ്യത്തിനു മറുപടിയായി രാഹുല്‍ പറഞ്ഞു.
സെന്റര്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ഡയറക്ടര്‍ ക്രിസ്റ്റോഫ് ജഫ്രലോട്ട് മോഡറേറ്ററായിരുന്നു. പാരിസിലെ ഇനാല്‍കോ യൂണിവേഴ്‌സിറ്റിയിലും രാഹുല്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി.