ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു-ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്ന് മുസ്ലിംലീഗ് സുപ്രീം കോടതിയില്‍. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ലീഗിന്റെ വാദം. ഹര്‍ജിയില്‍ ബിജെപിയെ കക്ഷി ചേര്‍ക്കണമെന്ന് മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ പറഞ്ഞു. ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ലീഗിനായി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കുന്നുണ്ട് . ഇതോടെ ഈ ഹര്‍ജിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിക്കുന്നത് മേയ് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റി.
കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.