ന്യൂഡല്‍ഹി: ബി.ജെ.പി.യെ ഒറ്റപ്പെടുത്തുകയും തോല്‍പ്പിക്കുകയുമാണ് സി.പി.എമ്മിന്റെ മുഖ്യദൗത്യമെന്നും അതിന് കോണ്‍ഗ്രസിനോട് അയിത്തം കാട്ടില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതില്‍ ഊന്നിയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയപ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിലില്‍ കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ (പി.ബി.) യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മയുണ്ടോയെന്ന ചോദ്യത്തിന് തമിഴ്നാട്, അസം തിരഞ്ഞെടുപ്പുകളില്‍ കണ്ടതല്ലേയെന്നായിരുന്നു മറുപടി. സി.പി.എമ്മിനെ സ്വതന്ത്രമായി ശക്തിപ്പെടുത്തുകയും സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള ശേഷി വര്‍ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഇതിന് ഊന്നല്‍ നല്‍കിയാവും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയപ്രമേയമടക്കമുള്ള റിപ്പോര്‍ട്ടുകള്‍. നിലവിലെ അടവുനയത്തില്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമതീരുമാനമെടുക്കും.
കരടു രാഷ്ട്രീയപ്രമേയത്തിന് പി.ബി. രൂപരേഖ തയ്യാറാക്കി. ഇതു കേന്ദ്രകമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചയ്ക്കു വെക്കും. തുടര്‍ന്ന്, കരടു റിപ്പോര്‍ട്ട് തയ്യാറാക്കി വിവിധ ഭാഷകളില്‍ പരിഭാഷപ്പെടുത്തി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്യും. അവയിലെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചുള്ള കരട് റിപ്പോര്‍ട്ടായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. പാര്‍ട്ടിയംഗങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയെ നേരിട്ടും അഭിപ്രായങ്ങള്‍ അറിയിക്കാമെന്ന് യെച്ചൂരി പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്കെതിരായ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കും. അതതു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബി.ജെ.പി.വിരുദ്ധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യം തീരുമാനിക്കും. ഉത്തര്പ്രദേശിലേതുള്പ്പെടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വിരുദ്ധവോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കും.
ബി.ജെ.പി.ക്കെതിരേ രാജ്യത്ത് ഉയര്‍ന്നുവരേണ്ട ബദല്‍ മുന്നണിയെക്കുറിച്ചു ചോദിച്ചപ്പോള്‍ എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഫെഡറല്‍ മുന്നണി, മൂന്നാം മുന്നണി എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ടെന്നു യെച്ചൂരി പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാ സര്‍ക്കാര്‍ വന്നത് തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു. ഐക്യമുന്നണി, യു.പി.എ. സര്‍ക്കാരുകളൊക്കെ യാഥാര്‍ഥ്യമായതും തിരഞ്ഞെടുപ്പുകള്‍ക്കു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു