തിരുവനന്തപുരം: രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്നാട്ടിലെ എംകെ സ്റ്റാലിനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിന്. അദ്ദേഹം മുന്‍കൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
മധുരയില്‍ നടക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. ബി ജെ പിക്ക് എതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ വര്‍ഗീയ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെ മതേതര ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ നേതാവ് പ്രതിപക്ഷ നിരയില്‍ നിന്ന് ഉയര്‍ന്നു വരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
മന്മോഹന് സിങ് പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം നീണ്ട പത്ത് വര്‍ഷം രാജ്യം ഭരിക്കുമെന്നും ആരും കരുതിയതല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അടല്‍ ബിഹാരി വാജ്പേജി പുറത്താവുകയും മന്മോഹന് സിങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. മോദി സര്‍ക്കാരും പരാജയപ്പെടുമെന്നും ഒരു മത്വതര ജനാധിപത്യ സര്‍ക്കാര്‍ രാജ്യം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധി 1977 ല്‍ പരാജയപ്പെട്ട ശേഷം രാജ്യത്ത് അധികാരത്തിലേറിയ എല്ലാ മുന്നണിയും തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ടവയാണ്. 2024 പുതിയ രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് ഉദയം കൊള്ളുമെന്നും അതിലൂടെ മോദിയുടെയും ആര്‍എസ്എസിന്റെയും ഭരണത്തിന് അവസാനമാകുമെന്നും യെച്ചൂരി പറഞ്ഞു.
ഡിഎംകെ തമിഴ്നാട്ടില്‍ എഐഎഡിഎംകെയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ യുപിയില്‍ സമാജ്വാദി പാര്‍ട്ടിയും ബിഹാറില്‍ ആര്‍ജെഡിയും ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.