KERALALATEST

ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല; കേസ് ജൂണ്‍ ഒമ്പതിന് പരിഗണിക്കും

ബെംഗളുരു: ബെംഗളുരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല. ജൂണ്‍ ഒമ്പതിലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി. കര്‍ണ്ണാടക ഹൈക്കോടതിയുടേതാണ് നടപടി.
പതിവായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു (ഇഡി) വേണ്ടി ഹാജരാകുന്ന അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കണമെന്ന് ഇഡി അഭ്യര്‍ത്ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടി രൂപയുടെ രേഖകള്‍ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കേസില്‍ ഇഡിയുടെ മറുവാദമാണ് ഇനി നടക്കേണ്ടത്. കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 224 ദിവസം പിന്നിട്ടിരിക്കുകയാണ്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ പണവുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ പറഞ്ഞു.
ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. അക്കൗണ്ടിലെത്തിയ പണം വ്യാപാരവുമായി ബന്ധപ്പെട്ടും സുഹൃത്തുക്കള്‍ വഴിയുമാണ്. അതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. ജൂണ്‍ ഒമ്പതിന് ബിനീഷിന്റെ വാദങ്ങള്‍ക്ക് ഇഡി മറുപടി നല്‍കും.

Related Articles

Back to top button