ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും മറ്റു സൈനിക ഉദ്യോഗസ്ഥരുടേയും മൃതദേഹം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. രാത്രി 9.15 ന് വിമാനത്താവളത്തിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനറല്‍ ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കും.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലേക്ക് മാറ്റി. ഊട്ടി വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്നും റോഡുമാര്‍ഗം സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചശേഷം അവിടെ നിന്നും വിമാനമാര്‍ഗം ബംഗലൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബംഗലൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലാണ് വരുണ്‍ സിങിനെ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ വരുണ്‍സിങിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഏറ്റവും വിദഗ്ധ ചികിത്സ ഇദ്ദേഹത്തിന് ഉറപ്പാക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെലികോപ്ടര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി വരുണ്‍ സിങാണ്. കോപ്ടറിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും അപകടത്തില്‍ മരിച്ചു.