തിരുവനന്തപുരം: ലോക്ഡൗണ്‍ നിലനില്ക്കുന്നതിലാല് വൈദ്യുതി ബില്‍ അടച്ചില്ലെങ്കിലും തല്ക്കാലം ഫ്യൂസ് ഊരില്ലന്ന് കെഎസ്ഇബി. ലോക്ഡൗണ്‍ കഴിഞ്ഞാലും ഉപയോക്താക്കള്‍ക്ക് തവണകളായി ബില്ലടച്ചുതീര്ക്കാന് സാവകാശം നല്‍കുമെന്നും കെഎസ്ഇബി ചെയര്മാന് എന്‍.എസ്.പിള്ള അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി ബില്‍ അടച്ചില്ലെങ്കിലും തല്ക്കാലം ഫ്യൂസ് ഊരില്ലന്നാണ് തിരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കെഎസ്ഇബി ഇത്തരമൊരു തീരുമാനം എടുത്തത്.
ലോക്ഡൗണ്‍ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ 90% ഉപയോക്താക്കളുടെയും മീറ്റര്‍ റീഡിങ് നടത്തി ഓണ്‍ലൈനായി തുക കൈപ്പറ്റുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖല, കണ്ടെയ്ന്മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ മീറ്റര്‍ റീഡര്‍മാര്‍ പോകുന്നില്ല. ഇത്തരം സ്ഥലങ്ങളില്‍ റീഡിങ്ങിന്റെ ഫോട്ടോ എടുത്ത് അയച്ചാല്‍ അതിന് അനുസരിച്ചു ബില്‍ നല്‍കും. അതിനു സാധിക്കാത്തവര്‍ക്ക് കഴിഞ്ഞ മൂന്നു ബില്ലിന്റെ ശരാശരി ആയിരിക്കും നല്‍കുക. ഇതിലുള്ള വ്യത്യാസം പിന്നീട് മീറ്റര്‍ റീഡിങ് എടുക്കുന്ന സമയത്ത് കണക്കാക്കും. അടച്ച തുക കൂടുതലെങ്കില്‍ അടുത്ത ബില്ലില്‍ കുറച്ചു കൊടുക്കും.
ലോക്ഡൗണ്‍ കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ വരുമാനം ദിവസം 3032 കോടിയായി കുറഞ്ഞു. സാധാരണ 4560 കോടിയാണു ദിവസ വരുമാനം.1000 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കണമെന്ന വ്യവസ്ഥ തല്ക്കാലം കര്‍ശനമായി നടപ്പാക്കേണ്ടെന്നാണു ബോര്‍ഡിന്റെ തീരുമാനം. തല്ക്കാലം ഉയര്‍ന്ന ബില്ലുകളും സെക്ഷന്‍ ഓഫിസുകളില്‍ സ്വീകരിക്കും.