LATESTBREAKING NEWSKERALA

ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തൻ ആക്കിയതിനെതിരെ പ്രസ്താവന: എസ്.ഹരിശങ്കറിന് നോട്ടിസ്

കൊച്ചി: ലൈംഗിക പീഡനക്കേസിൽനിന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്.ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറൽ നോട്ടിസ് അയച്ചു. പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം.ജെ.ആന്റണി നൽകിയ അപേക്ഷയിലാണ് നടപടി.

കോട്ടയം മുൻ എസ്പിയായിരുന്ന ഹരിശങ്കർ മാർച്ച് 30നു നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. വിചാരണ കോടതിയുടെ വിധി വന്ന ഉടനെ ഹരിശങ്കർ നടത്തിയ പരാമർശങ്ങൾ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്നാണ് ആക്ഷേപം.

വിധി നിർഭാഗ്യകരമാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണെന്നും ഹരിശങ്കർ വിധി വന്നതിനു പിന്നാലെ പ്രതികരിച്ചിരുന്നു. എല്ലാ തെളിവുകളും ശക്തമായിട്ടും, ഒരാൾ പോലും കൂറുമാറാതിരുന്നിട്ടും കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണ് ഉണ്ടായത്.

സമാനകേസുകളിൽനിന്നു വേറിട്ടു നിൽക്കുന്ന വിധി അംഗീകരിക്കാനാകില്ല. കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം വിധി നൽകുന്നില്ലെന്നും ഹരിശങ്കർ ‌പറഞ്ഞു. കോടതി വിധിക്കെതിരെ ആക്ഷേപം ഉയർത്തിയ എസ്പിയുടെ വിമർശനങ്ങൾക്കെതിരെ അന്നുതന്നെ പല കോണിൽനിന്നു വിമർശനം ഉയർന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker