ലക്‌നൌ: സ്റ്റോക്ക് എക്‌സേഞ്ച് ട്രേഡറുടെ പക്കല്‍ നിന്ന് പൂജ ചെയ്യാനെന്ന പേരിലെത്തിയയാള്‍ തട്ടിയത് 65 ലക്ഷം. ഉത്തര്‍ പ്രദേശിലെ ലക്‌നൌവിലാണ് സംഭവം. അടുത്തിടെ ബിസിനസില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഹേമന്ത് കുമാര്‍ റായ് എന്ന സ്റ്റോക്ക് ട്രേഡര്‍ പരിഹാരം കാണാനായി പൂജ ചെയ്യാന്‍ തീരുമാനിക്കുന്നത്. മന്ത്രവാദിയുടെ നിര്‍ദ്ദേശം അനുസരിച്ച് പൂജാ കാര്യങ്ങള്‍ക്കായി പല തവണകളായി 65ലക്ഷം രൂപയാണ് യുവാവ് പൂജാരിയെന്ന് പരിചയപ്പെടുത്തിയെത്തിയ ആള്‍ക്ക് നല്‍കിയത്.
എന്നാല്‍ വന്‍തുക നല്‍കിയ ശേഷവും ബിസിനസില്‍ ഒരു രീതിയിലുമുള്ള പുരോഗതി ഉണ്ടാവായിരുന്നില്ല. പിന്നാലെ പൂജാരി വീണ്ടും വീണ്ടും പണം ആവശ്യപ്പെടാനും ആരംഭിച്ചു ഇതോടെ ഹേമന്ത് കുമാര്‍ റായിക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ പൊലീസിനെ സമീപിക്കുന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവാവിനെ പൂജാരിയെന്ന പേരിലെത്തിയ ആള്‍ ആള്‍മാറാട്ടക്കാരനാണെന്ന സംശയമാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പങ്കുവച്ചിരിക്കുന്നത്.
മറ്റൊരു സംഭവത്തില്‍ ഇടുക്കിയിലെ അടിമാലി, വെളളത്തൂവല്‍, നെടുങ്കണ്ടം മേഖലകളിലെ ചെറുകിട ഏലം കര്‍ഷകരെ വിപണി വിലയേക്കാള്‍ ആയിരം രൂപ വരെ കൂടുതല്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി വഞ്ചിച്ച പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. ഒരുമാസം മുതല്‍ ഒന്നര മാസം വരെ അവധി പറഞ്ഞാണ് ഇയാള്‍ ഇടുക്കിയിലെ കര്‍ഷരില്‍ നിന്നും ഏലക്ക വാങ്ങിയത്. ഇതിനായി അടിമാലിയില്‍ ഏലയ്ക്ക ഗ്രേഡിംഗ് സെന്ററും തുറന്നിരുന്നു. എന്‍ ഗ്രീന്‍ എന്ന പേരിലുളള സ്ഥാപനത്തിന്റെ മറവിലായിരുന്നു നസീര്‍ ഏലക്ക സംഭരിച്ചിരുന്നത്. തുടക്കത്തില്‍ കര്‍ഷകര്‍ക്ക് കൃത്യമായി പണം കിട്ടി. ഇത് കേട്ടറിഞ്ഞ് നിരവധി പേര്‍ നസീറിനടുത്തെത്തി. കൂടുതല്‍ വില പ്രതീക്ഷിച്ചെത്തിയ കര്‍ഷകരാണ് ഒടുവില്‍ വഞ്ചിക്കപ്പെട്ടത്.
53 1 minute read