ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ നിര്‍ണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 ജില്ലകളിലെ 94 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മണിക്ക് പോളിംഗ് തുടങ്ങി. വൈകുന്നേരം ആറ് മണിവരെയാണ് പോളിംഗ്.മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലവ് സിന്‍ഹ, ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്. 1463 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സര രംഗത്തുളളത്.
എന്‍ഡിഎയില്‍ ജെഡിയു നാല്പത്തി മൂന്ന് സീറ്റുകളിലും, ബിജെപി നാല്പത്തിയാറ് സീറ്റിലും മത്സരിക്കുന്നു. മഹാസഖ്യത്തില്‍ ആര്‍ജെഡി അന്‍പത്തിയാറ് സീറ്റിലും, കോണ്‍ഗ്രസ് 24, ഇടത് കക്ഷികള്‍ 12 സീറ്റിലും മത്സരിക്കും. 52 സീറ്റുകളിലാണ് എല്‍ജെപി ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ പാറ്റ്ന, നിതീഷ് കുമാറിന്റെ ശക്തികേന്ദ്രമായ നളന്ദ തുടങ്ങിയ മണ്ഡലങ്ങള്‍ ഈ ഘട്ടത്തില്‍ പെടും.