പുണെ: ബി.ജെ.പി. നടത്തുന്നത് ‘അധികാര ജിഹാദ്’ ആണെന്ന് ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം) തലവന്‍ ഉദ്ധവ് താക്കറേ. പാനിപ്പത്ത് യുദ്ധത്തില്‍ മറാത്ത സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ അഫ്ഗാന്‍ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിന്‍ഗാമിയാണ് അമിത് ഷായെന്നും ഉദ്ധവ് താക്കറെ പുണെയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘ഔറംഗസേബ് ഫാന്‍ ക്ലബ്ബ്’ തലവനാണ് ഉദ്ധവ് താക്കറേ എന്ന അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ ഹിന്ദുത്വ എന്താണെന്ന് മുസ്ലിങ്ങളോട് ഞങ്ങള്‍ വിശദീകരിച്ച ശേഷം അവര്‍ ഞങ്ങളോടൊപ്പമാണെങ്കില്‍, ഞങ്ങള്‍ ഔറംഗസേബ് ഫാന്‍ ക്ലബ്ബ് ആണെന്നാണ് ബി.ജെ.പി. പറയുന്നത്. എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ‘അധികാര ജിഹാദ്’ ആണ്. സംസ്ഥാന സര്‍ക്കാരിനെ കൈപ്പിടിയിലൊതുക്കാനായി രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുന്നതാണ് നിങ്ങളുടെ അധികാര ജിഹാദ്. അഹമ്മദ് ഷാ അബ്ദാലിയും ഒരു ‘ഷാ’ ആയിരുന്നു, അതുപോലെ ഇദ്ദേഹവും (അമിത് ഷാ). നവാസ് ഷരീഫിന്റെ കൂടെ കേക്ക് കഴിച്ചവരാണ് ഞങ്ങളെ ഹിന്ദുത്വം പഠിപ്പിക്കുന്നത്.’ -ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്ദേ സര്‍ക്കാരിനെതിരേയും ശിവസേന തലവന്‍ ആഞ്ഞടിച്ചു. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതാണ് ‘മുഖ്യമന്ത്രി മാജി ലഡ്കി ബഹിന്‍’ പദ്ധതിയെന്നാണ് അദ്ദേഹം പറഞ്ഞത്.
ജൂലായ് 21-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ധവ് താക്കറേ ഔറംഗസേബ് ഫാന്‍ ക്ലബ്ബ് തലവനാണെന്നാണ് പറഞ്ഞത്. ബി.ജെ.പി. സംസ്ഥാന കണ്‍വെന്‍ഷനിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മുംബൈ 26/11 ഭീകരാക്രമണ കേസിലെ കുറ്റവാളി അജ്മല്‍ കസബിന് ബിരിയാണി നല്‍കിയവരുമായാണ് താക്കറേ സഖ്യമുണ്ടാക്കിയതെന്നും 1993-ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി യാക്കൂബ് മേമനോട് മാപ്പ് ചോദിച്ചവര്‍ക്കൊപ്പമാണ് താക്കറേ ഇരിക്കുന്നതെന്നും ഷാ പറഞ്ഞിരുന്നു. ഇതിനാണ് ഉദ്ധവ് താക്കറേ ഇപ്പോള്‍ പുണെയില്‍ വെച്ച് തന്നെ മറുപടി നല്‍കിയിരിക്കുന്നത്.
68 1 minute read