KERALALATEST

ബി.ജെ.പി.ക്കെതിരേ പോസ്റ്റിട്ടു, കവി കെ. സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കി

ന്യൂഡല്‍ഹി: കവി കെ. സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കി. കേരളത്തില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടുവീഡിയോകള്‍ പോസ്റ്റു ചെയ്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പറയുന്നു. വാട്‌സാപ്പില്‍ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താന്‍ പോസ്റ്റുചെയ്തതെന്നും വിലക്കുസംബന്ധിച്ച് വെള്ളിയാഴ്ച രാത്രി ഫെയ്‌സ്ബുക്കില്‍ അറിയിപ്പു ലഭിച്ചതായും സച്ചിദാനന്ദന്‍ പറഞ്ഞു.
24 മണിക്കൂര്‍ നേരത്തേക്ക് പോസ്റ്റുചെയ്യുന്നതും കമന്റിടുന്നതും ലൈക്കടിക്കുന്നതുമൊക്കെ വിലക്കിയിരിക്കുന്നു. 30 ദിവസം ഫെയ്‌സ്ബുക്കില്‍ ലൈവായി പ്രത്യക്ഷപ്പെടരുതെന്നും നിര്‍ദേശമുണ്ട്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലാന്‍സെറ്റിന്റെ ലേഖനം ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്യാന്‍ ശ്രമിച്ചപ്പോഴുള്ള മറുപടി അത് ഫെയ്‌സ്ബുക്കിലെ മറ്റുള്ളവര്‍ അധിക്ഷേപകരമെന്നു പറഞ്ഞിട്ടുണ്ടെന്നായിരുന്നു. ഫലിതംനിറഞ്ഞ ഒരു കമന്റിന് ഏപ്രില്‍ 21ന് തനിക്ക് താക്കീത് കിട്ടിയിരുന്നായും മുമ്പും പല കമന്റുകളും അപ്രത്യക്ഷമായിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ആരെയും അധിക്ഷേപിക്കുന്നതരത്തില്‍ പോസ്റ്റുചെയ്തിട്ടില്ല. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷിക്കപ്പെടുന്നതിന്റെ തെളിവാണ് ഈ വിലക്കെന്നും അദ്ദേഹം പ്രതികരിച്ചു.

**

Related Articles

Back to top button