BREAKING NEWSLATESTNATIONAL

ബീക്കണ്‍ ഘടിപ്പിച്ച കാറിലെത്തി മോഷണം; നാലംഗ സംഘത്തെ വലയിലാക്കി പോലീസ്

ലഖ്‌നൗ: സര്‍ക്കാര്‍ വാഹനമെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ബീക്കണ്‍ ഘടിപ്പിച്ച വാഹനത്തിലെത്തി മോഷണം നടത്തുന്ന സംഘത്തെ വലയിലാക്കി പോലീസ്. ഉത്തര്‍ പ്രദേശിലാണ് സംഭവം. നഗരത്തിലെ വിവിധ മദ്യശാലകളില്‍ നിന്നായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ നാലുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ വാഹനമെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയ വാഹനമായിരുന്നു പ്രതികള്‍ ഉപയോഗിച്ചിരുന്നത്. കാറില്‍ അശോകചിഹ്നവും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന എഴുത്തും ഉണ്ടായിരുന്നുവെനന് പോലീസ് പറഞ്ഞു. നഗരത്തിലെ വിവിധ മദ്യശാലകളില്‍ നിന്നായി മോഷ്ടിച്ച മദ്യക്കുപ്പികളുടെ വലിയ ശേഖരവും കാറില്‍ ഉണ്ടായിരുന്നു. ഇതും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ അന്‍പതോളം മദ്യപ്പെട്ടികള്‍ വാഹനത്തിലുണ്ടായിരുന്നു.
ദീപക് കശ്യപ്, രോഹിത് കശ്യപ്, മോഹിത്, ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായതെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. വാഹനത്തിന്റെ ഉടമ റെയില്‍വേ പോലീസിലെ ഒരു അസിസ്റ്റന്റ് കമാന്‍ഡന്റാണെന്നാണ് പ്രതികള്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന വാഹനമാണ് ദുരുപയോഗിക്കപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
രോഹിത് എന്ന പ്രതിയാണ് മോഷണത്തിന്റെ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. ലഖ്‌നൗവിലെ ആഷിയാന, ഠാക്കൂര്‍ഗഞ്ച് എന്നിവിടങ്ങളിലെ മദ്യശാലകള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. വാഹനത്തില്‍ പകല്‍ ചുറ്റിക്കറങ്ങി മദ്യശാലകളുടെ വിശദാംശങ്ങള്‍ കണ്ടെത്തുന്ന സംഘം രാത്രിയിലായിരുന്നു മോഷണം നടത്തിയിരുന്നതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പോലീസിന്റെ കണ്ണുവെട്ടിക്കാനായി കാറിലെ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker