BREAKINGNATIONAL

‘ബുള്‍ഡോസര്‍ ജസ്റ്റിസ്’ അംഗീകരിക്കാനാവില്ല, സര്‍ക്കാര്‍ ക്രിമിനലുകളേപ്പോലെ പെരുമാറരുത്- പ്രിയങ്ക

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ ഉപയോഗിച്ച് നീതിനടപ്പാക്കുന്നത് അല്‍പംപോലും അംഗീകരിക്കാനാവുന്നതല്ലെന്നും അത് തുടരരുതെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ പ്രതിഷേധത്തിനിടെയുള്ള അക്രമത്തില്‍ പങ്കാളിയായെന്ന് ആരോപിക്കപ്പെട്ടയാളുടെ വീട് ഇടിച്ചുനിരത്തിയ നടപടിക്കു പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്സിലൂടെ പ്രിയങ്കയുടെ പ്രതികരണം.
ഒരാള്‍ കുറ്റം ചെയ്തെന്ന് ആരോപിക്കപ്പെട്ടാല്‍, അയാളുടെ കുറ്റവും ശിക്ഷയും തീരുമാനിക്കാന്‍ സാധിക്കുക കോടതിക്ക് മാത്രമാണ്. ആരോപണം ഉന്നയിക്കപ്പെട്ട ഉടന്‍ കുറ്റാരോപിതരുടെ കുടുംബത്തെ ശിക്ഷിക്കുന്നതും അവരുടെ വീടുകള്‍ തകര്‍ക്കുന്നതും നിയമം പാലിക്കല്‍ അല്ല, കോടതിയെ അവമതിക്കലാണ്. ആരോപണം ഉയര്‍ന്ന് തൊട്ടുപിന്നാലെ കുറ്റാരോപിതരുടെ വീട് തകര്‍ക്കുന്നത് ന്യായമല്ല. കാടത്തത്തിന്റെയും അനീതിയുടെയും പാരമ്യമാണത്, പ്രിയങ്ക പറഞ്ഞു.
നിയമം നിര്‍മിക്കുന്നവരും നിയമപാലകരും നിയമലംഘകരും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കണം. സര്‍ക്കാര്‍ ക്രിമിനലുകളെ പോലെ പെരുമാറരുത്. നിയമപാലനം, ഭാരണഘടന, ജനാധിപത്യം, മാനവികത എന്നിവയാണ് സംസ്‌കാരമുള്ള ഒരു സമൂഹത്തിലെ ഭരണനിര്‍വഹണത്തിന് ആവശ്യമായ ഉപാധികള്‍, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പുരോഹിതന്‍ രാംഗിരി മഹാരാജിന്റെ പരാമര്‍ശത്തിനെതിരേ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തില്‍ പങ്കാളിയായെന്ന് ആരോപിച്ചാണ് വ്യാഴാഴ്ച ഷഹ്സാദ് അലി എന്നയാളുടെ വീട് അധികൃതര്‍ തകര്‍ത്തത്. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു മഹാരാജിന്റെ പരാമര്‍ശം. മുസ്ലിം സമുദായാംഗങ്ങളാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രതിഷേധം അക്രമാസക്തമാവുകയും രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് 150 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Articles

Back to top button