ബെംഗളൂരു: നഗരത്തിലെ പി.ജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കോറമംഗല വി.ആര്‍. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
രാത്രി ഹോസ്റ്റലില്‍ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പോലീസ് കരുതുന്നു.
ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോറമംഗല പോലീസും ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി. സാറാ ഫാത്തിമയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. യുവതി താമസിക്കുന്ന കെട്ടിടത്തില്‍ കയറി കഴുത്തറത്താണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ഡി.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട കൃതികുമാരി നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്.
77 Less than a minute