BREAKING NEWSLATESTNATIONAL

ബൈക്കില്‍ കാമുകിക്കൊപ്പം യാത്ര ചെയ്ത 27കാരനെ കാമുകിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

ലഖ്‌നൗ: പ്രണയബന്ധത്തെ ചോദ്യം ചെയ്ത് കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്നു. യുപിയിലെ ഗൊരഖ്പൂര്‍ ജില്ലയിലാണ് സംഭവം. ജാന്‍ഗഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജീത്ത്പൂര്‍ സ്വദേശിയായ 27കാരന്‍ ലൗഹര്‍ നിഷാദ് ആണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡില്‍ നിര്‍മാണ തൊഴിലാളിയായ യുവാവ് രാംഗര്‍ഹ്താലിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവാവിന്റെ അമ്മായിയുടെ വീടിന് സമീപത്താണ് പെണ്‍കുട്ടിയുടെ വീട്. കാമുകിയെ കാണാനായി ഇടയ്ക്കിടെ നിഷാദ് അമ്മായിയുടെ വീട്ടിലെത്തുമായിരുന്നു. തിങ്കളാഴ്ച ഇവിടെ എത്തിയ നിഷാദ് രാത്രി കാമുകിയെ ബൈക്കില്‍ കയറ്റി പോവുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ തിരികെ എത്തിക്കാനായി ബൈക്കില്‍ പോകവെ, പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ചിലര്‍ ഇരുവരെയും കണ്ടു. വണ്ടി തടഞ്ഞ് നിര്‍ത്തിയ ശേഷം നിഷാദിനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സമീപവാസികള്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ക്രൂരമര്‍ദനമേറ്റ നിഷാദിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് യുവാവിനെ മര്‍ദിച്ചുവെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് എസ് എസ് പി ദിനേശ് കുമാര്‍ പി പറഞ്ഞു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗായിഘട്ടില്‍ ആരില്‍ നിന്നോ പണം വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് നിഷാദ് വ് വീട്ടില്‍ നിന്ന് പോയതെന്ന് മാതാവ് പറയുന്നു. പിന്നീട് വിളിച്ച് രാത്രി തിരികെ എത്തില്ലെന്ന് അറിയിച്ചു. പിറ്റേന്ന് രാവിലെയാണ് മകനെ ഒരു സംഘം മര്‍ദിച്ച് കൊന്നതായി വിവരം ലഭിച്ചതെന്നും അമ്മ പറയുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സഹോദരനെ ചിലര്‍ കൊലപ്പെടുത്തിയതെന്ന് നിഷാദിന്റെ സഹോദരി ഗുഡിയ പറയുന്നു. നിഷാദിനെ മര്‍ദിച്ച അഞ്ചുപേരുടെ പേരുവിവരങ്ങള്‍ അടക്കമാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker