കൊച്ചി: ഇരുചക്രവാഹനത്തെ ഇടിച്ചിട്ടു പാഞ്ഞ മിനി ലോറിയെ പിന്തുടര്ന്ന് പിടിച്ച യുവതികളുടെ ധൈര്യവും കാര്യശേഷിയും മാതൃകാപരമാകുന്നു.രണ്ട് കൂട്ടുകാരികളുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ആണ് ഇരുചക്രവാഹനത്തെ ഇടിച്ചിട്ടു പാഞ്ഞ മിനിലോറിയെ പിടികൂടാനായത്. കഴിഞ്ഞദിവസം പറവൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മുനിസിപ്പല്‍ കവലയ്ക്ക് സമീപത്താണ് സംഭവം. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ഷക്കീലയുടേയും സംഗീതയുടേയും മുന്‍പിലാണ് ഒരു മിനിലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. ഈ കാഴ്ച്ചയില്‍ ആദ്യം സ്തംഭിച്ചുപോയെങ്കിലും മനോവീര്യം വീണ്ടെടുത്ത് അവര്‍ മിനിലോറിയെ പിന്തുടര്ന്നു. ഇവര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി മിനിലോറി ഡ്രൈവര്‍ അതിവേഗം തിരക്കേറിയ റോഡിലൂടെ പാഞ്ഞു. ഇതിനിടയില്‍ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചുമനസ്സിലാക്കി മനപാഠമാക്കി യുവതികള്‍. സിനിമാ സ്റ്റൈലിലുള്ള ചെയ്സിംഗിനു ശേഷം മിനിലോറിയെ തടഞ്ഞുനിര്‍ത്താനാവില്ല എന്നിവര്‍ക്ക് ബോധ്യമായി. അതുകൊണ്ട് തിരിച്ച് അപകടസ്ഥലത്തേക്ക് മടങ്ങിവന്നപ്പോള്‍ പരുക്കേറ്റ പെരുമ്പടന്ന സ്വദേശി റിട്ട.എസ്.ഐ. കലേശനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിയുന്നു. എന്നാല്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരാളെ അവിടെ കൊണ്ടുവന്നിട്ടില്ല എന്നാണറിഞ്ഞത്. വീണ്ടും അപകടസ്ഥലത്തേക്ക് ഇവര്‍ മടങ്ങിവന്ന് പൊലീസിന് ഇടിച്ച മിനിലോറിയുടെ നമ്പര്‍ കൈമാറി നിയമനടപടി ഉറപ്പുവരുത്തിയിട്ടാണ് ഷക്കീലയും സംഗീതയും അവിടെ നിന്ന് പോകുന്നത്. പറവൂര്‍ സി.മാധവന് റോഡ് 11-ാം വാര്‍ഡില്‍ അടുത്തടുത്ത വീടുകളിലാണ് ഷക്കീലയുടേയും സംഗീതയുടേയും താമസം. തൊട്ടുമുന്നില്‍ നടക്കുന്ന അപകടങ്ങള്‍, അത്യാഹിതങ്ങള്‍ കണ്ടില്ലെന്നു നടിച്ച് കടന്നുപോകുന്ന പലര്‍ക്കും ഇടയിലാണ് ഈ യുവതികളുടെ ധൈര്യവും മാതൃകാപരവുമായ ഇടപെടലും സമൂഹത്തിന് പ്രചോദനമാകുന്നത്.