ENTERTAINMENTMALAYALAM

ബോംബാക്രമണ കേസ്: നടി പ്രിയങ്കയെ ചോദ്യം ചെയ്തു

കൊല്ലം: ഇഎംസിസി പെട്രോള്‍ ബോംബാക്രമണ കേസില്‍ നടി പ്രിയങ്കയെ ചോദ്യം ചെയ്ത പോലീസ്. സ്ഥാനാര്‍ത്ഥിയായത് നാട്ടുകാര്‍ക്ക് നല്ലത് ചെയ്യാമെന്ന് കരുതിയെന്ന് പ്രിയങ്ക. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടു മണിക്കൂറിലേറെയാണ് നടിയെ ചോദ്യം ചെയ്തത്
നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ വാഹനത്തിനുനേരെ, ഗൂഢാലോചനയുടെ ഭാഗമായി സ്വന്തം കൂട്ടാളികള്‍ തന്നെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലാണ് സിനിമ നടിയെ പൊലീസ് ചോദ്യം ചെയ്തത്. നടി പ്രിയങ്ക അരൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗ്ഗീസ് ആകട്ടെ ഇതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മ എതിരെയും മത്സരിച്ചു.
തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ആയിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആണ് ആസൂത്രണത്തിന് പിന്നില്‍ എന്നും പോലീസ് കണ്ടെത്തി. ഗൂഢാലോചനയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിനു ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരലക്ഷം രൂപയാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത്. നന്ദകുമാറുമായി വ്യക്തിപരമായി ഉണ്ടായിരുന്ന പരിചയമാണ് സ്ഥാനാര്‍ത്ഥിത്വത്തിന് കാരണം. ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാമെന്നും കരുതി. നന്ദകുമാറില്‍ നിന്ന് മാനസികമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നും പ്രിയങ്ക പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹിയിലുള്ള നന്ദകുമാറിന് രണ്ടുതവണ നേരത്തെ അന്വേഷണസംഘം നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും നന്ദകുമാര്‍ പോലീസിനുമുന്നില്‍ എത്തിയിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker