BUSINESSBUSINESS NEWS

ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോ തെറാപ്പിക്ക് മേയ്ത്രയില്‍ തുടക്കം

കോഴിക്കോട്: രക്തത്തെ ബാധിക്കുന്ന അസുഖങ്ങളുടെയും അര്‍ബുദത്തിന്റെയും ചികിത്സയ്ക്കായി നൂതന കേന്ദ്രമൊരുക്കി മേയ്ത്ര ആശുപത്രി. കാന്‍സര്‍ ഇമ്യൂണോ തെറാപ്പിയും ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റും ഉള്‍പ്പെടെ സമന്വയിപ്പിച്ച് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബ്ലഡ് ഡിസീസസ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി ചികിത്സാ വിഭാഗമാണ് പ്രവര്‍ത്തനമാരംഭിച്ചത്. സംവിധായകനും നടനുമായ രഞ്ജിത്ത് ബാലകൃഷ്ണന്‍ ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു.
രക്തജന്യ രോഗങ്ങളുടെ ചികിത്സാരംഗത്ത് കേരളത്തിലെ തന്നെ ആദ്യത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന സവിശേഷത മേയ്ത്രയുടെ പുതിയ കേന്ദ്രത്തിനുണ്ടെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടിക്കോളന്‍ പറഞ്ഞു. കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള പൊതുവായ ചികിത്സകള്‍ക്കു പുറമെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി തുടങ്ങിയ ചികിത്സാ സംവിധാനങ്ങള്‍ പുതുതായി ആരംഭിച്ച ബോണ്‍മാരോ സെന്ററില്‍ ഉള്‍പ്പെടുന്നു.
ഉത്തര കേരളത്തിലുടനീളം മികച്ച കാന്‍സര്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മേയ്ത്ര കെയര്‍ നെറ്റ് വര്‍ക്കിന്റെ കീഴില്‍ കാന്‍സര്‍ പരിചരണ ശൃംഖലയ്ക്കും മേയ്ത്ര ആശുപത്രി രൂപം നല്കിയിട്ടുണ്ട്. വിവിധ ആശുപത്രികളുടെ സഹകരണത്തോടെ അവിടങ്ങളില്‍ തന്നെ അര്‍ബുദ രോഗികള്‍ക്കുള്ള പരിചരണവും ചികിത്സയും ലഭ്യമാക്കുക എന്നതാണ് നെറ്റ് വര്‍ക്കിന്റെ പ്രധാന ലക്ഷ്യം. തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റല്‍, വയനാട് ലിയോ ഹോസ്പിറ്റല്‍, വടകര ഡയമണ്ട് ഹെല്‍ത്ത് കെയര്‍ സെന്റര്‍, കാസര്‍ഗോഡ് യുനൈറ്റഡ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. മേയ്ത്രയിലെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍ ചികിത്സകള്‍ കെയര്‍ സെന്ററുകളില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പി കെ അഹമ്മദ്, മേയ്ത്ര ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഡോ. അലി ഫൈസല്‍, ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍, ഡോ. ആന്റണി തോട്ടിയാന്‍ എന്നിവരും സംസാരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker