ബ്രസീലിയ : കോപ്പ അമേരിക്കയിലെ ഗരിഞ്ച സ്റ്റെഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനും മറ്റൊരു മത്സരത്തില്‍ കൊളംബിയക്കും വിജയത്തുടക്കം. വെനസ്വേലയെ എതിരില്ലാത്തമൂന്നുഗോളുകള്ക്കാണ് മഞ്ഞപ്പട കീഴടക്കിയത്. കൊളംബിയ ഏക ഗോളിന് ഇക്വഡോറിനെയും തോല്‍പ്പിച്ചു.
ബ്രസീലിനു വേണ്ടി പാരീസ് സെന്റ് ജെര്മെയ്ന് ഡിഫെന്‍ഡര്‍ മാര്ക്വിഞ്ഞ്യോസ് (23) സൂപ്പര്‍ താരം നെയ്മര്‍ (64) , ഗബ്രിയേല്‍ ബാര്‍ബോസ അമെയ്ഡ (89) എന്നിവര്‍ ഗോള്‍ നേടി. ഇതില്‍ നെയ്മറിന്റെ ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നും വന്നു. മൂന്നാം ഗോളിന് അസിസ്റ്റും നെയ്മര്‍ നല്കി.
കളിക്കാരും കോച്ചിങ്ങ് സ്റ്റാഫും അടക്കം 12 ഓളം പേരെ കോവിഡ് ബാധിച്ചതിനാല്‍ രണ്ടാം നിര ടീമുമായാണ് വെനിസ്വേലയ്ക്ക് ഇറങ്ങേണ്ടി വന്നത്. ഇതോടെ വെനിസ്വേലയുടെ തോല്‍വി ഏറെക്കുറെ ഉറപ്പായിരുന്നു.
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചു. 23ാം മിനിട്ടില്‍ മാര്ക്വിഞ്ഞ്യോസിലൂടെ ബ്രസീല്‍ ലീഡെടുത്തു. തൊട്ടുപിന്നാലെ റിച്ചാലിസണ് വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 29ാം മിനിട്ടില്‍ സൂപ്പര്‍ താരം നെയ്മര്‍ ഒരു അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ടാം പകുതിയില്‍ 62 ാം മിനിട്ടില്‍ ബ്രസീലിനനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ടീമിനായി പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍ താരം നെയ്മര്‍ വെനിസ്വേല ഗോള്‍ കീപ്പര്‍ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. 89ാം മിനിട്ടില്‍ നെയ്മറിന്റെ പാസില്‍ ഗബ്രിയേല്‍ ബാര്‍ബോസയാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്.
2019ല്‍ നേടിയ കിരീടം നിലനിര്‍ത്താന്‍ ആതിഥേയര്‍ കൂടിയായ ബ്രസീലിന് ഇത്തവണ അവസരം ഒത്തു വന്നിരിക്കുകയാണ്. കൊളംബിയ , ഇക്വഡോര്‍, പെറു എന്നീ ടീമുകളളെയാണ് ഗ്രൂപ്പ് ബിയില്‍ ബ്രസീലിനു ഇനി നേരിടാനുള്ളത്.
കുവാബയിലെ പാന്റാണല് അരീനയില്‍ ഇക്വഡോറിനെതിരെ , കൊളംബിയയും തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി. 43ാം മിനിറ്റല്‍ എഡ്വിന് കാര്‍ഡോണയുടെ വകയാണ് കൊളംബിയയുടെ വിജയ ഗോള്‍.