റിയോ ഡി ജനീറോ: ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീനയുടെ കിരീടധാരണം. അത് ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണില്‍, അതും ബ്രസീല്‍ ഫുട്ബോള്‍ അഭിമാന വേദിയായി കാണുന്ന മാറക്കാനയില്‍ അവരെത്തന്നെ തോല്‍പ്പിച്ചാകുമ്പോള്‍ ഈ കിരീടനേട്ടത്തിന് ഇരട്ടിമധുരം. ആദ്യ പകുതിയില്‍ ബ്രസീല്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ അലകടലായെത്തിയ ബ്രസീല്‍ ആക്രമണങ്ങളെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രതിരോധിച്ചാണ് അര്‍ജന്റീന കിരീടം തൊട്ടത്.
1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്ബോളിലെ ഇതിഹാസമായി വളര്‍ന്നപ്പോഴും സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ അര്‍ജന്റീന ജഴ്സിയില്‍ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. 1916ല്‍ തുടക്കമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ 15–ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്രസീല്‍ ബോക്സിനു സമീപം ലഭിച്ച സുവര്‍ണാവസരം മെസ്സി തുലച്ചിരുന്നില്ലെങ്കില്‍ ഈ കിരീടനേട്ടത്തില്‍ ‘ഗോളൊപ്പ്’ ചാര്‍ത്താനും സൂപ്പര്‍ താരത്തിന് കഴിയുമായിരുന്നു.
കിക്കോഫ് മുതല്‍ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ഗോള്‍ ഫലം നിര്‍ണയിച്ചത്. മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങള്‍ ചേരിതിരിഞ്ഞ് കയ്യാങ്കളിക്കു മുതിര്‍ന്നു. മത്സരത്തിലാകെ റഫറി ഒന്‍പത് മഞ്ഞക്കാര്‍ഡുകളാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റു മുതല്‍ പരുക്കന്‍ സ്വഭാവത്തിലേക്കു മാറിയ കലാശപ്പോരാട്ടത്തില്‍ ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവില്‍നിന്നാണ് എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച് അര്‍ജന്റീന താരങ്ങള്‍ പ്രത്യാക്രമണത്തിലേക്കു കടക്കുമ്പോള്‍ സ്വന്തം ബോക്സില്‍ പന്ത് റോഡ്രിഗോ ഡി പോളിന്. അപകടങ്ങളൊന്നും ഒളിച്ചിരുപ്പില്ലാത്തൊരു നീക്കം.
എന്നാല്‍, ഡിപോളിന്റെ അപാരമായ വിഷനും കിറുകൃത്യം പാസിങ്ങും ഒത്തുചേര്‍ന്നതോടെ ആ നീക്കം അപകടകരമായത് ഞൊടിയിടയില്‍. അര്‍ജന്റീന ബോക്സിനുള്ളില്‍ പന്തു ലഭിച്ച ഡി പോള്‍ രണ്ടു ചുവടു മുന്നോട്ടുവച്ച് ബ്രസീല്‍ ബോക്സിനു സമീപം വലതുവിങ്ങില്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് മറിച്ചു. മാര്‍ക്ക് ചെയ്യാന്‍ നിന്ന റെനാന്‍ ലോധിയുടെ പിഴവ് മുതലെടുത്ത് ഓഫ്സൈഡ് കെണിയില്‍ പെടാതെ പന്ത് നിയന്ത്രിച്ച് മരിയയുടെ മുന്നേറ്റം. ബ്രസീല്‍ പ്രതിരോധം ഒരുനിമിഷം കാഴ്ചക്കാരായതോടെ മരിയയുടെ മുന്നേറ്റം തടയാന്‍ ഗോള്‍കീപ്പര്‍ എഡേഴ്സന് മുന്നോട്ട്. എന്നാല്‍, എഡേഴ്സനെ കാഴ്ചക്കാരനാക്കി മരിയ ലോബ് ചെയ്ത പന്ത് വലയില്‍. സ്കോര്‍ 1–0.
രണ്ടാം പകുതിയില്‍ ബ്രസീലിനായിരുന്നു മേധാവിത്തമെങ്കിലും അര്‍ജന്റീനയ്ക്ക് മെസ്സിക്കായി ഒരു കിരീടം വളരെ ‘അര്‍ജന്റാ’യതിനാല്‍ അവരുടെ പ്രതിരോധം ഉറച്ചുനിന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ റിച്ചാര്ലിസന് അര്‍ജന്റീന വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി. ഇതിനുശേഷം റിച്ചാര്ലിസന് ഒരിക്കല്‍ക്കൂടി ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ തകര്‍പ്പന്‍ സേവ് അര്‍ജന്റീനയെ കാത്തു. 55–ാം മിനിറ്റില്‍ നെയ്മറിന്റെ പാസില്‍ ക്ലോസ് റേഞ്ചില്‍നിന്ന് റിച്ചാര്ലിസന് തൊടുത്ത ബുള്ളറ്റ് ഷോട്ട് മാര്‍ട്ടിനസ് കുത്തിയകറ്റി. 87–ാം മിനിറ്റില്‍ നെയ്മറിന്റെ തന്നെ പാസില്‍നിന്ന് ഗബ്രിയേല്‍ ബാര്‍ബോസയുടെ ഹാഫ് വോളിയും മാര്‍ട്ടിനസ് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ലയണല്‍ മെസ്സി ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സന് മാത്രം മുന്നില്‍ നില്‍ക്കെ ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരം അവിശ്വസനീയമായി പാഴാക്കി.
നേരത്തെ, സെമിഫൈനലില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന് ലയണല്‍ സ്കലോനി അര്‍ജന്റീന ടീമിനെ ഫൈനലില്‍ വിന്യസിച്ചത്. ആ മാറ്റങ്ങളുടെ കൂട്ടത്തിലാണ് എയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. മറുവശത്ത് പെറുവിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചുവപ്പുകാര്‍ഡ് കണ്ട സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യൂസ് പുറത്തിരുന്നു.