BREAKING NEWSLATESTNATIONAL

ബ്രാഹ്മണ പുരുഷന്മാര്‍ക്ക് വധുവിനെ കിട്ടാനില്ല; പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണം ഉത്തരേന്ത്യയിലേക്ക്

ചെന്നൈ: അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം വര്‍ധിച്ചതോടെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് തമിഴ്‌നാട് ബ്രാഹ്മണ അസോസിയേഷന്‍ (ടിബിഎ). സംസ്ഥാനത്ത് മാത്രമായി 40,000 പുരുഷന്മാര്‍ക്ക് പങ്കാളികളെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം വര്‍ധിച്ചതോടെ ബ്രാഹ്മണ വിഭാഗങ്ങള്‍ കൂടുതലായുള്ള ഡല്‍ഹി, ലഖ്‌നൗ, പട്‌ന എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് എന്‍ നാരായണന്‍ വ്യക്തമാക്കി. ബ്രാഹ്മണ സമുദായത്തില്‍ തന്നെയുള്ള വേര്‍തിരുവുകളടക്കമുള്ള പ്രശ്‌നങ്ങളാണ് പങ്കാളികളെ കണ്ടെത്തുന്നതില്‍ തടസമാകുന്നത്. പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമം വേഗത്തിലാക്കാന്‍ ഈ പ്രദേശങ്ങളില്‍ കോ ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുമെന്നും അസോസിയേഷന്റെ മാസികയില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ അദ്ദേഹം പറഞ്ഞു.
വിവാഹപ്രായമുള്ള പത്ത് ബ്രാഹ്മണ യുവാക്കളുണ്ടെങ്കില്‍ യുവതികളുടെ എണ്ണം ആറ് മാത്രമാണെന്ന് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് സംഘടന വ്യക്തമാക്കി. ഈ പ്രശ്‌നം പരിഹരിക്കാനാണ് അന്വേഷണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ലഖ്‌നൗ, പട്‌ന എന്നിവടങ്ങളിലെ ആളുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഈ സ്ഥലങ്ങളില്‍ നിയോഗിച്ച കോ ഓര്‍ഡിനേറ്റര്‍മാരെ കൂടാതെ ഹിന്ദി വായിക്കാനുള്‍ എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ അസോസിയേഷന്റെ ചെന്നൈയിലെ ആസ്ഥാനടത്തും നിയമിക്കാന്‍ തീരുമാനിച്ചുവെന്നും എന്‍ നാരായണന്‍ പറഞ്ഞു. ആചാര്യന്മാരുടെ എതിര്‍പ്പ് അവഗണിച്ച് ബ്രാഹ്മണര്‍ കുടുംബാസൂത്രണം ഗൗരവമായി കണ്ടത് ലിംഗാനുപാതത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ മൂന്ന് ശതമാനമാണ് ബ്രാഹമണര്‍. അയ്യര്‍, അയ്യങ്കാര്‍ എന്നീ വിഭാഗങ്ങളാണ് ഇവരില്‍ കൂടുതല്‍. ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ മുന്‍പ് വിവാഹം കഴിക്കുന്നത് പതിവില്ലായിരുന്നു. പെണ്‍കുട്ടികളുടെ കുറവ് മൂലം ഈ രീതിയില്‍ വ്യാപകമായ മാറ്റമുണ്ടായിട്ടുണ്ട്. ഇതിനൊപ്പം തെലുങ്ക്, കന്നഡ ബ്രാഹ്മണ്‍ വിഭാഗത്തില്‍ നിന്നുള്ളവരെയും തമിഴ് ബ്രാഹ്മണര്‍ വിവാഹം ചെയ്യുന്നുണ്ട്. പാലക്കാട് മേഖലയിലുള്ള ബ്രാഹ്മണ കുടുംബത്തില്‍ നിന്നും തമിഴ് ബ്രാഹ്മണര്‍ വിവാഹം ചെയ്യുന്നത് പതിവാണ്.
വിവാഹപ്രായമായ തമിഴ് ബ്രാഹ്മണ പെണ്‍കുട്ടികളുടെ കുറവ് വധുവിനെ കണ്ടെത്താന്‍ തടസമാകുന്നുണ്ടെന്ന് വിദ്യാഭ്യാസ വിചക്ഷണന്‍ എം പരമേശ്വരന്‍ പറഞ്ഞു. മൂന്നുദിവസം നീളുന്ന വിവാഹച്ചടങ്ങുകള്‍ വലിയ ചെലവിന് കാരണമാകുന്നതിനാല്‍ ആഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
എന്തുകൊണ്ടാണ് പുരുഷന്മാരുടെ മാതാപിതാക്കള്‍ വിവാഹങ്ങള്‍ ഗംഭീരമായ മണ്ഡപങ്ങളില്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്ന് എം പരമേശ്വരന്‍ ചോദിക്കുന്നുണ്ട്. ലളിതമായ രീതിയില്‍ വിവാഹം നടത്തുന്നതില്‍ നിന്ന് അവരെ തടയുകയാണ്. വിവാഹച്ചെലവ് മുഴുവനും പെണ്‍കുട്ടിയുടെ കുടുംബം വഹിക്കണമെന്ന രീതി തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യ തമിഴ് ബ്രാഹ്മണ വിഭാഗത്തില്‍ അറേഞ്ച്ഡ് വിവാഹങ്ങള്‍ സാധാരണമാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വൈഷ്ണവ തമിഴ് ബ്രാഹ്മണന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker