ലണ്ടന്‍: വെസ്റ്റ് മിനിസ്റ്റര്‍ കത്രീഡലില്‍ വച്ച് വളരെ രഹസ്യമായി തന്റെ മൂന്നാം വിവാഹ ചടങ്ങുകള്‍ നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന്. അന്‍പത്താറുകാരനായ ബോറിസ് ജോണ്സന് വിവാഹം ചെയ്തത് 33 വയസുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ ക്യാരി സൈമണ്ട്സിനെയാണ്.
2020 ഫെബ്രുവരിയില്‍ വിവാഹനിശ്ചയം കഴിഞ്ഞ ഇവര്‍ 2018 മുതല്‍ ഒരുമിച്ചാണ് താമസം. ഒരു വയസ്സുള്ള വില്‍ഫ്രഡ് എന്ന മകനുണ്ട്. സൈമണ്ട്സിന് ഇത് ആദ്യവിവാഹം ആണെങ്കിലും ജോണ്‍സന്റെ മൂന്നാം വിവാഹമാണ്. 1987ല്‍ അല്ലെഗ്ര മോസ്റ്റിന്ഓവനെ വിവാഹം ചെയ്ത ശേഷം 1993ല്‍ വിവാഹമോചനം നേടി. അതെ വര്‍ഷം ബ്രിട്ടീഷ് ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മറീന വീലരെ വിവാഹം ചെയ്തു. 2018ല്‍ സൈമണ്ട്സുമായി ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്ന് വിവാഹമോചനം നേടുകയായിരുന്നു. രണ്ട് ബന്ധങ്ങളിലുമായി 5 മക്കളുമുണ്ട്.
വിവാഹചടങ്ങുകള്ക്കുള്ള ഒരുക്കങ്ങളും പദ്ധതികളും തുടങ്ങി 6 മാസത്തോളം ആയെങ്കിലും സ്വന്തം ഓഫീസിലെ സീനിയര്‍ ആയ ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെയാണ് വിവാഹം നടന്നത്. ക്ഷണം കിട്ടിയ 30 പേരില്‍ ഏറെപേര്‍ക്കും അതുവരെ ചടങ്ങിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് സണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
രണ്ട് നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു പ്രധാമന്ത്രിയുടെ വിവാഹം ബ്രിട്ടനില്‍ നടക്കുന്നത്. 1822ന് ലിവര്‍പൂള്‍ പ്രഭുവാണ് അവസാനം അധികാരത്തിലിരിക്കെ വിവാഹം കഴിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും ആശംസകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഒന്നിനോടും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരണം അറിയിച്ചിട്ടില്ല. കോവിഡ് വ്യാപനവും സാമ്പത്തിക അരക്ഷിതാവസ്ഥയും കാരണം അടുത്തിടെയായി ബോറിസ് ജോണ്സന് നയിക്കുന്ന മന്ത്രിസഭ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.