BREAKING NEWSKERALA

ഭക്ഷണമില്ലാതെ സൗരോജ്ജം ഉപയോഗിച്ചു മാത്രം ജീവിച്ച സൂര്യോപാസകന്‍ ഹീരാ രത്തന്‍ അന്തരിച്ചു

ഭക്ഷണമില്ലാതെ സൗരോജ്ജം ഉപയോഗിച്ചു മാത്രം ജീവിച്ച സൂര്യോപാസകന്‍ ഹീരാ രത്തന്‍ മനേക് (84) അന്തരിച്ചു. കോഴിക്കോട് ചക്കോരത്ത് കുളത്തെ ഫ്‌ലാറ്റിലായിരുന്നു അന്ത്യം. 1995 മുതല്‍ ഹീരാരത്തന്‍ മനേക് സൗരോര്‍ജ്ജവും വെള്ളവും മാത്രമുപയോഗിച്ചുള്ള ജീവിതം തുടങ്ങിയത് . ബഹിരാകാശ ഗവേഷണത്തിന് മനുഷ്യര്‍ പോകുമ്പോള്‍ ഹീരാരത്തന്റെ ജീവിത സാഹചര്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നാസ 2002 ജൂലായ് മുതല്‍ നവംബര്‍ വരെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ച് പഠനം നടത്തിയിരുന്നു.
സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ചാല്‍ ശരീരം ഒരു ചിപ്പായി പ്രവര്‍ത്തിക്കുമെന്ന് സ്വന്തം ശരീരം കൊണ്ട് തെളിയിച്ച വ്യക്തിയാണ് വിട പറഞ്ഞ ഹീരാരത്തന്‍ മനേക്. സൂര്യ ഉപാസനയിലൂടെ ലഭിക്കുന്ന ഊര്‍ജത്തിലൂടെ ഭക്ഷണമില്ലാതെ വെള്ളം മാത്രം കുടിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്നതെന്ന് മനേക് അവകാശപ്പെടുകയും കാണിച്ച് കൊടുക്കുകയും ചെയ്തു. മനേക് ജനിച്ചതും വളര്‍ന്നതും കോഴിക്കോടാണെങ്കിലും ഇദ്ദേഹത്തിന്റെ വംശപരമ്പര ഗുജറാത്തിലെ കച്ചിലാണ്.
കപ്പല്‍ ബിസിനസുകാരനായ ഇദ്ദേഹം 1962ല്‍ പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് സൂര്യോപാസനയെക്കുറിച്ച് അറിയുന്നതും താത്പര്യം ജനിക്കുന്നതും. പിന്നീട് കുറച്ച് കുറച്ചായി സൂര്യനെ ധ്യാനിക്കാന്‍ തുടങ്ങി.1992മുതല്‍ പൂര്‍ണമായും സൂര്യോപാസകനായി മനേക് മാറി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരുമണിക്കൂര്‍മുമ്പും നഗ്‌നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ സൂര്യോപാസന. ആരംഭത്തില്‍ കുറച്ചു സെക്കന്‍ഡുകള്‍മാത്രമേ നോക്കാന്‍ പാടുള്ളു. ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വര്‍ധിപ്പിക്കാമെന്നും ഇദ്ദേഹം നിര്‍ദേശിച്ചു. ഒമ്പതുമാസമാവുമ്പോഴേക്കും ശരീരം ഊര്‍ജ സംഭരണിയാകുമെന്ന് ഇദ്ദേഹം അവകാശപ്പെട്ടു. വിശപ്പില്ലാതാവുകയും ഇതോടെ ഭക്ഷണം ഉപേക്ഷിക്കാം.
1995 ജൂണ്‍ മാസത്തില്‍ കോഴിക്കോട്ട് 213 ദിവസം ഉപവാസം അനുഷ്ഠിച്ച് മനേക് ശ്രദ്ധേയനായി. ഡോ. സി.കെ. രാമചന്ദ്രന്റെ മേല്‍നോട്ടത്തിലായിരുന്നു ഉപവാസം. സൂര്യദര്‍ശനവും ദാഹിക്കുമ്പോള്‍ വെള്ളം കുടിച്ചുമായിരുന്നു ആദ്യ പരീക്ഷണം. അഹമ്മദാബാദില്‍ 2000 ജനുവരി ഒന്നുമുതല്‍ 2001 ഫെബ്രുവരി 15 വരെ 411 ദിവസം തുടര്‍ച്ചായി നടത്തിയ ഉപവാസമാണ് മനേകിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. മനേകന്റെ ദീര്‍ഘ ഉപവാസം വലിയ വാര്‍ത്തയായി. ഐ.എം.എയുടെ അന്നത്തെ ഷിയായുടെ നേതൃത്വത്തിലുള്ള 21 ഡോക്റ്റര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു രണ്ടാം പരീക്ഷണം.
പെന്‍സില്‍വാനിയാ, തോമസ് ജെഫേഴ്‌സണ്‍ സര്‍വകലാശാലകളുടെ ക്ഷണമനുസരിച്ച് മനേക് അമേരിക്കിയിലെത്തി പ്രഭാഷണപരമ്പരകള്‍ നടത്തി. നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റര്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. നാസ മനേകിനെ അംഗീകരിച്ചെങ്കിലും തുറന്ന് പറയാന്‍ തയ്യാറായില്ല. ബഹിരാകാശയാത്രികര്‍ സൂര്യോപാസന പരിശീലിക്കുന്നത് ഭക്ഷണമില്ലാതെ കൂടുതല്‍ക്കാലം ബഹിരാകാശത്ത് കഴിയാന്‍ അവരെ സഹായിക്കുമെന്ന് മനേകിന്റെ അഭിപ്രായം.
കാഴ്ചപ്പാടുകള്‍ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചരിപ്പിച്ചു. യുറോപ്പിലും അമേരിക്കയിലും ശില്‍പ്പശാലകളില്‍ പങ്കെടുത്തു. ഫ്‌ളോറിഡയിലായിരുന്നു മനേകിന്റെ സംരംഭത്തിന്റെ അന്നത്തെ ആസ്ഥാനം. ഇതിനായി അമ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സൂര്യദര്‍ശനത്തെക്കുറിച്ച് പുസ്തകവും രചിച്ചു. വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ അംഗീകാരം ലഭിച്ച സൂര്യ ദര്‍ശനത്തിന് ഇന്ത്യയില്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ചക്കോരത്ത് കുളത്തെ വീട്ടിലിരുന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker