BREAKINGINTERNATIONAL

ഭക്ഷണ ശാലകള്‍ അടച്ച് പൂട്ടാന്‍ കോടതി; വിധി കേട്ട് കരച്ചില്‍ അടക്കാനാകാതെ ജീവനക്കാര്‍

പാരിസ്ഥിക നാശം കണക്കിലെടുത്ത് പ്രദേശത്തെ ഭക്ഷണശാലകള്‍ അടച്ച് പൂട്ടാന്‍ പാകിസ്ഥാനിലെ കോടതി ഉത്തരവ്. വിധി കേട്ട അസ്ഥസ്ഥരായി കരയുന്ന റെസ്റ്റോറന്റ് ജീവനക്കാരുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. ഇസ്ലാമാബാദിലെ പ്രശസ്ത റസ്റ്റോറന്റായ മൊണാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടിയതോടെ 700 -ലധികം ജീവനക്കാരാണ് ഒറ്റയടിക്ക് തൊഴില്‍ രഹിതരായത്. ജീവിതം അനിശ്ചിതത്വത്തിലായതോടെ സങ്കടം സഹിക്കാനാകാതെ ജീവനക്കാര്‍ പൊട്ടിക്കരയുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉള്ളുലച്ചു.
മൊണാല്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമാബാദിലെ മാര്‍ഗല്ല ഹില്‍സ് നാഷണല്‍ പാര്‍ക്കിലെ എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് 2024 ജൂണ്‍ 11-നാണ് പാക് സുപ്രീം കോടതി ഭക്ഷണ ശാലകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. കോടതി വിധിയെ തുടര്‍ന്ന് പ്രദേശത്ത് രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മൊണാല്‍ റെസ്റ്റോറന്റ് 2024 സെപ്റ്റംബര്‍ 11-ന് എന്നന്നേക്കുമായി അടച്ചിടുമെന്ന് അറിയിച്ചു. 2006-ല്‍ പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ റെസ്റ്റോറന്റാണ് മൊണാല്‍.
അതിമനോഹരമായ കാഴ്ചകള്‍ക്കും ഇസ്ലാമാബാദിന്റെ ടൂറിസം വ്യവസായത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന മാര്‍ഗല്ല ഹില്‍സ് നാഷണല്‍ പാര്‍ക്കിലെ ഒരു ജനപ്രിയ ഭക്ഷണ കേന്ദ്രമാണ് മൊണാല്‍. കോടതി വിധി കേട്ട് ഭാവിയെ കുറിച്ച് ചിന്തിച്ച് കുഴഞ്ഞ് വീഴുന്ന ഒരു തൊളിലാളിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. വീഡിയോയില്‍ മറ്റ് തൊഴിലാളികള്‍ സങ്കടം സഹിക്കാനാകാതെ വിതുമ്പിക്കരയുന്നതും കാണാം. ജോലിക്കാരുടെ കൈയില്‍ പിടിരിച്ച് വിടല്‍ നോട്ടീസ് പിടിച്ചിരിക്കുന്നതും കാണാം. തൊഴിലാളികളെ പിരിച്ച് വിട്ടു കൊണ്ട് നല്‍കിയ കത്തില്‍ അവരെ പുനര്‍വിന്യസിക്കുന്നതിലുള്ള പ്രയാസങ്ങള്‍ മൊണാലിന്റെ ഉടമ ലുഖ്മാന്‍ അലി അഫ്‌സല്‍ വിശദീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘എല്ലാവര്‍ക്കും ഒറ്റരാത്രികൊണ്ട് ജോലി വാഗ്ദാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഗ്രൂപ്പിന് നിങ്ങളെ മറ്റ് പ്രോജക്റ്റുകളിലേക്ക് പുനര്‍നിയോഗിക്കാന്‍ കഴിയില്ല. ഇത് ദൈവഹിതത്താല്‍ നയിക്കപ്പെടുന്ന തീരുമാനമായി സ്വീകരിച്ച് ബദല്‍ തൊഴില്‍ തേടാന്‍ ആരംഭിക്കുക,’ അദ്ദേഹം തൊഴിലാളികള്‍ക്ക് നല്‍കിയ പിരിച്ച് വിടല്‍ നോട്ടീസില്‍ എഴുതി. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ തൊഴിലാളികളുടെ വേദനയിഷ പങ്കുചേരുന്നതായി കുറിച്ചു. ‘ഇത് അങ്ങേയറ്റം സങ്കടകരമാണ്’ എന്ന് നിരവധി പേരെഴുതി.

Related Articles

Back to top button