BREAKINGKERALA

ഭാഗ്യക്കുറിവില തത്കാലം കൂട്ടില്ല, ഓണം ബമ്പര്‍ 25 കോടിയായി തുടര്‍ന്നേക്കും

ആലപ്പുഴ: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരണം തത്കാലമില്ല. ആഴ്ചയില്‍ നറുക്കെടുക്കുന്ന ആറുടിക്കറ്റുകള്‍ക്ക് 40 രൂപയും ഫിഫ്റ്റി ഫിഫ്റ്റിക്ക് 50 രൂപയും തുടരും. വില ഏകീകരിച്ച് എല്ലാ ടിക്കറ്റുകള്‍ക്കും 50 രൂപയാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കമെങ്കിലും ലോട്ടറി ഏജന്റുമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവെച്ചു.
ടിക്കറ്റുവില 50 രൂപയാക്കിയാല്‍ വില്‍പ്പനയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഏജന്റുമാര്‍ എതിര്‍ത്തത്. നേരത്തേ, 30 രൂപയില്‍നിന്ന് 40 ആക്കിയപ്പോള്‍ വില്‍പ്പനയില്‍ ഇടിവുണ്ടായിരുന്നു. അന്നു കുറവുണ്ടായ വില്‍പ്പന തിരിച്ചുപിടിക്കുന്നതിനിടെ വീണ്ടും വിലകൂട്ടിയാല്‍ തിരിച്ചടി നേരിടുമെന്ന് ധനമന്ത്രിയെ അടക്കം ഏജന്റുമാര്‍ അറിയിച്ചു. അതംഗീകരിച്ചാണു പിന്മാറ്റം.
എന്നാല്‍, ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുവില 40 രൂപയായി കുറയ്ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വില്‍പ്പന കൂട്ടുന്നതിന് ചെറുസമ്മാനങ്ങളടക്കം കൂടുതല്‍ വേണമെന്ന ആവശ്യം പരിഗണിച്ചേക്കും. അതനുസരിച്ച് സമ്മാനഘടന പരിഷ്‌കരിക്കാനുള്ള നടപടിയുണ്ടാകും. ഏതുരീതിയില്‍ വേണമെന്നത് പഠനത്തിനുശേഷമേ തീരുമാനിക്കൂവെന്നാണു വിവരം.സെറ്റ് ലോട്ടറി കച്ചവടം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകും. വിവിധ സീരീസിലെ ഒരേനമ്പര്‍ ടിക്കറ്റുകള്‍ വെച്ചുള്ള സെറ്റ് കച്ചവടം വില്‍പ്പനയ്ക്കു ദോഷം ചെയ്യുന്നുണ്ടെന്ന് ഏജന്റുമാരില്‍നിന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഓണം ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഇക്കുറിയും 25 കോടി രൂപയായി തുടര്‍ന്നേക്കും. ടിക്കറ്റുവിലയിലും മാറ്റമുണ്ടാകാനിടയില്ല. 500 രൂപയാകും വില. മുന്‍വര്‍ഷം റെക്കോഡ് വില്‍പ്പന നടന്നതിനാല്‍ ഇക്കുറി കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ചേക്കും. കഴിഞ്ഞതവണ അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളില്‍ 75.76 ലക്ഷംടിക്കറ്റുകള്‍ വിറ്റു.

Related Articles

Back to top button