ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് രാഹുലും കോണ്‍ഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു.
യു.എസ്. സന്ദര്‍ശനത്തിനിടെ രാഹുല്‍ ഉയര്‍ത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെന്‍സസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയില്‍ യു.എസ്. സന്ദര്‍ശനവേളയില്‍ രാഹുല്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്‌സ് പ്ലാറ്റ് ഫോമില്‍ കൂടി ആഭ്യന്തരമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.
രാഹുല്‍ ഗാന്ധി രാജ്യവികാരത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ളതും സുരക്ഷയെ ബാധിക്കുന്നതുമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് അമിത് ഷാ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഭാഷകളിലെ, മതങ്ങളിലെ, പ്രദേശങ്ങളിലെ വേര്‍തിരിവുകളെക്കുറിച്ച് സംസാരിക്കുന്നതിലൂടെ രാഹുലിന്റെ വിഭജന ചിന്തയെയാണ് കാണിക്കുന്നതെന്നും അമിത് ഷാ കുറിച്ചു.
ഇന്ത്യ അടിസ്ഥാനപരമായി കൂട്ടിച്ചേര്‍ക്കലുകളും ഒന്നിപ്പിക്കലുമാണെന്നും എന്നാല്‍, വ്യത്യസ്ത ധാരകളുടെ കൂട്ടായ്മയായി ഇന്ത്യയെ കാണുന്നതിനെ ആര്‍.എസ്.എസ്. തെറ്റിദ്ധരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വാഷിങ്ടണിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുവെ രാഹുല്‍ പറഞ്ഞത്. ‘ഭാഷകളും പാരമ്പര്യങ്ങളും ചരിത്രങ്ങളും മതങ്ങളുമെല്ലാം കൂടിച്ചേര്‍ന്നതാണ് ഇന്ത്യ. നിങ്ങളിവിടെ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ആദ്യ കോഴ്സ്, രണ്ടാം കോഴ്സ് (ഭക്ഷണം ഓരോന്നായി വിളമ്പുന്ന ക്രമം) എന്നിങ്ങനെ ലഭിക്കും. എന്നാല്‍, ഞങ്ങള്‍ക്ക് താലി (സദ്യ)യാണ് ലഭിക്കുക. അതില്‍ എല്ലാം വെച്ചിരിക്കും. ഇതിലെ എല്ലാ ഭക്ഷണത്തിനും ഒരേ മൂല്യമാണ്. അതാണ് ഇന്ത്യയുടെ കൂട്ടിച്ചേര്‍ക്കലെന്ന ആശയം’- എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
ഇന്ത്യക്കാര്‍ അവരുടെ ആരാധനാലയങ്ങളില്‍ പോയി അവരുടെ ദൈവവുമായി ലയിക്കുന്നു. ഇതാണ് ഇന്ത്യയുടെ സ്വഭാവം. എന്നാലിക്കാര്യത്തില്‍ ആര്‍.എസ്.എസിന് തെറ്റിദ്ധാരണയാണ്. മോദി എന്ന ആശയം -55 ഇഞ്ച് നെഞ്ച്, ദൈവവുമായി നേരിട്ടുള്ള ബന്ധം, അതെല്ലാം ചരിത്രമായി. പൊതുതിരഞ്ഞെടുപ്പു ഫലം മോദി എന്ന ആശയം തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.
53 1 minute read