മണ്ണിരയെ കണ്ട് ഞെട്ടിയവര്‍ ആരെങ്കിലുമുണ്ടോ? മണ്ണിരയെ കണ്ടാല്‍ ആരെങ്കിലും ഞെട്ടുമോ എന്ന് ചോദിച്ച് പുച്ഛിക്കാന്‍ വരട്ടെ. അത്ര നിസ്സാരക്കാരനായി ഒന്നും മണ്ണിരയെ ആരും എഴുതിത്തള്ളണ്ട. കാരണം മണ്ണിരക്കിടയിലും ഉണ്ട് ഭീകരന്മാര്‍ എന്ന് കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡില്‍ നടന്ന സംഭവം തെളിയിച്ചു തന്നു. മീന്‍ പിടിക്കാനായി വീട്ടുപറമ്പില്‍ നിന്നും മണ്ണിരയെ പിടിച്ച 9 വയസ്സുകാരന് കിട്ടിയത് എത്ര അടി നീളമുള്ള മണ്ണിര ആണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ഞെട്ടും. മൂന്നടിയില്‍ അധികമായിരുന്നു ഈ മണ്ണിരയുടെ നീളം.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വീടിനോട് ചേര്‍ന്നുള്ള നദീതടത്തിനു ചുറ്റും കുഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒന്‍പതു വയസ്സുകാരന്‍ ബര്‍ണബി ഡൊമിഗന്‍. പെട്ടെന്നാണ് അവന്റെ ശ്രദ്ധയില്‍ അത് പെട്ടത്. താന്‍ അതുവരെയും പിടിച്ചു കൊണ്ടിരുന്ന മണ്ണിരകളെക്കാള്‍ വലിപ്പമുള്ള ഒരു മണ്ണിര.
വളരെ മെലിഞ്ഞതും വഴുവഴുപ്പുള്ളതുമായ അതിന്റെ ശരീരം വെറുപ്പുളവാക്കുന്നതും അല്പം ഭയം ജനിപ്പിക്കുന്നതും ആയിരുന്നു. മണ്ണിരയെ കണ്ടെങ്കിലും അവന്‍ അതിനെ കൈകൊണ്ട് സ്പര്‍ശിച്ചില്ല. പകരം ഓടിച്ചെന്ന് അച്ഛനെ വിളിച്ചുകൊണ്ട് വന്നു. പിന്നെ ഇരുവരും ചേര്‍ന്ന് കോല്‍ ഉപയോഗിച്ച് അതിനെ പിടിച്ചു.
ഡൊമിഗന്‍ മണ്ണിരയെ കാണുമ്പോള്‍ അത് അതിനോടകം തന്നെ ചത്തിരുന്നുവെന്ന് ഡൊമിഗന്റെ അമ്മ പറയുന്നു. പക്ഷേ എന്നിട്ടും ഭയന്നുപോയി എന്ന് അവര്‍ പറഞ്ഞു. കോലുകൊണ്ട് മാത്രമാണ് തൊട്ടത് കാരണം എന്തെങ്കിലും ബാക്ടീരിയ അതില്‍ നിന്ന് ശരീരത്തിലേക്ക് പടരുമോ എന്ന ഭയപ്പെട്ടിരുന്നതായും അവര്‍ പറയുന്നു. കോലില്‍ ഡോമിഗന്‍ മണ്ണിരയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും അവര്‍ പകര്‍ത്തി.
ഡൊമിഗന്റെ അമ്മ വളരെ ഭയത്തോടെ കൂടിയാണ് സംഭവത്തെക്കുറിച്ച് ഇപ്പോഴും പറയുന്നത്. ഇത്രമാത്രം ഭീമാകാരനായ ഒരു മണ്ണിരയെ തന്റെ ജീവിതത്തില്‍ ആദ്യമായാണ് താന്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു.
ബാര്‍ണബി ഡൊമിഗന്‍ കണ്ടെത്തിയ ഭീമന്‍ മണ്ണിര ന്യൂസിലന്‍ഡിന് അത്ര അസാധാരണമല്ല. മണ്ണിരയുടെ വിഭാഗത്തില്‍ തന്നെയാണ് ഇതിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ലിങ്കണ്‍ സര്‍വകലാശാലയുടെ കീടശാസ്ത്ര ഗവേഷണ ശേഖരത്തിന്റെ ക്യൂറേറ്ററായ ജോണ്‍ മാരിസ് പറഞ്ഞു. 171 ഇനം മണ്ണിരകളാണ് ന്യൂസിലാന്‍ഡില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ കൂടുതലും ഈര്‍പ്പം കൂടുതലുള്ള കാട്ടു പ്രദേശങ്ങളിലാണ് കഴിയുന്നത്.