ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി പാകിസ്ഥാനില്‍ നിന്നുമെത്തിയ യുവതിയും പാകിസ്ഥാന്‍ കാരനായ കാമുകനെ വിവാഹം കഴിക്കാനായി ഇന്ത്യയില്‍ നിന്നും അതിര്‍ത്തി കടന്ന യുവതിയുടെയും വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ആളുകളുടെ ശ്രദ്ധ നേടിയിരുന്നു. ഇക്കൂട്ടത്തിലേക്ക് മറ്റൊരു പ്രണയകഥ കൂടി ചേര്‍ക്കപ്പെടുകയാണ്. ഇത്തവണ ബ്രസീലുകാരിയായ സ്ത്രീ, തന്റെ മകനെക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായി രാജ്യവും സ്വന്തബന്ധുക്കളെയും ഉപേക്ഷിച്ച് എത്തിയിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഛത്തീസ്ഗഢിലെ ബിന്ദ് സ്വദേശിയായ 30 -കാരനായ പവന്‍ ഗോയലിനൊപ്പം ജീവിക്കാനാണ് ബ്രസീലില്‍ നിന്നുള്ള 51-കാരിയായ റോസി നൈദ് ശിക്കേര എന്ന സ്ത്രീ ഇന്ത്യയിലേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ കച്ച് സന്ദര്‍ശനത്തിനിടെയാണ് റോസി, പവനെ ആദ്യമായി കാണുന്നത്. ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രായവ്യത്യാസവും ഭാഷാ പ്രശ്‌നങ്ങളുമുണ്ടെങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും സൌഹൃദത്തിലായി. പിന്നാലെ, ഈ സൌഹൃദം പ്രണയമായി മാറി. കഴിഞ്ഞ ഒരു വര്‍ഷമായി ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയിരുന്ന് ഇരുവരും തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളിലൂടെ പ്രണയം പങ്കുവച്ചു. അതിനിടെ പ്രായവും ഭാഷയും ഒരു പ്രശ്‌നമേയല്ലാതായി.
ബ്രസീലില്‍ ഭര്‍ത്താവിനും 32 -കാരനായ മകനുമൊപ്പമായിരുന്നു റോസിയുടെ താമസം. എന്നാല്‍, പവനോടുള്ള പ്രണയത്തില്‍ റോസി തന്റെ കുടുംബത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നാലെ റോസി, ബ്രസിലില്‍ നിന്നും ഇന്ത്യയിലെത്തി. ദില്ലിയിലെ പവന്റെ കുടുംബത്തോടൊപ്പമാണ് ഇന്ന് റോസിയുടെ താമസം. ഇരുവരും നിയമാനുശ്രുതമായി വിവാഹം കഴിക്കാനുള്ള തീരുമാനത്തിലാണ്. വിവാഹത്തിയതി തീരുമാനിച്ച ഇവര്‍ ജില്ലാ കലക്ടറെയും തങ്ങളുടെ വിവാഹത്തിലേക്ക് ക്ഷണിച്ചെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ശേഷം ഇന്ത്യയില്‍ തന്നെ താമസിക്കണമെന്നാണ് തന്റെ തീരുമാനമെന്നും റോസി മാധ്യമങ്ങളോട് പറഞ്ഞു.
49 1 minute read