പാലക്കാട്: പുതുപ്പള്ളി തെരുവിൽ ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത് നരബലിയെന്ന് എഫ്.ഐ.ആർ. മകനെ അല്ലാഹുവിൻ്റെ പ്രീതിയ്ക്കായി ബലി നൽകിയെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. വിശ്വാസത്തിൻ്റെ പേരിൽ കൊലപാതകം ബോധപൂർവ്വം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ അമ്മ ഷാഹിദയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ അമ്മയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിൽ കൊലപാതക വിവരം വിളിച്ചറിയിച്ചതെന്ന് എസ്പി പറഞ്ഞു.
പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിനി ആറുവയസ്സുകാരനായ മകൻ ഷാഹിദിനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ കുളിമുറിയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ കാൽ കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല നടത്തിയ ശേഷം ഇവർ തന്നെയാണ് ഇക്കാര്യം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറയുന്നത്. ദൈവത്തിന് വേണ്ടി മകനെ ബലി നൽകിയെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
ഷാഹിദയുടെ മൂന്നാമത്തെ മകനെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് സുലൈമാനും മറ്റു രണ്ടു മക്കളും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പൊലീസ് എത്തിയ ശേഷമാണ് ഇവരും ഇക്കാര്യം അറിയുന്നത്. ഷാഹിദയെ ചോദ്യം ചെയ്തു വരികയാണ്. അതിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകൂവെന്നും പാലക്കാട് എസ്.പി ആർ വിശ്വനാഥൻ പറഞ്ഞു.