LATESTKERALA

മകനെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ലെന്ന് അച്ഛന്‍, കാണാതെ പഠിച്ചതെന്ന് കുട്ടി; പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്

ആലപ്പുഴ : ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ (Popular Front) റാലിയില്‍ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്നാണ് പിതാവ് വിശദീകരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം താന്‍ പങ്കെടുക്കാറുണ്ട്.

സിഎഎ പ്രതിഷേധത്തില്‍ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകന്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മുദ്രാവാക്യം ആര്‍ എസ് എസിനെതിരെയായിരുന്നു. മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നുമാണ് ഇയാളുടെ വാദം.

ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും താന്‍ സ്വയം കാണാതെ പഠിച്ചതാണെന്ന് പത്ത് വയസുകാരന്റെ പ്രതികരണം. മുന്‍പും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. അതേ സമയം കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിക്കുകയാണ്. ആലപ്പുഴ എസ് പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്ത് വയസുകാരനായ ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമുയര്‍ന്നു. മത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

എന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നില്ല. കേസിന് സാധ്യതയുണ്ടെന്ന് വിലയിരുത്തലുമുണ്ടായിരുന്നു. പിതാവിനെ കസ്റ്റഡിയിലെടുക്കാനായി നേരത്തെ പൊലീസ് പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പിതാവ് അസ്‌ക്കറലി വീട്ടിലെത്തിയത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker