പത്തനംതിട്ട: നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ച് വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല കുറ്റൂര്‍ സ്വദേശി ജിന്‍സണ്‍ ബിജുവിനെയാണ് തിരുവല്ല പോലീസ് അറസ്റ്റുചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ: വിദേശത്ത് നഴ്‌സായ ഭാര്യ നെസിയെ വിളിച്ച് ജിന്‍സണ്‍ ബിജു സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 40,000 രൂപ ചോദിച്ചു. കൊടുക്കില്ലെന്നായപ്പോഴാണ് മകളുടെ കഴുത്തില്‍ വടിവാള്‍ െവച്ച് ഭീഷണി മുഴക്കി രാത്രി 11-ഓടെ നെസിയെ വീഡിയോ കോള്‍ ചെയ്തത്. കുട്ടിയുടെ വലതുവാരിയെല്ലിന്റെ ഭാഗത്ത് വാള്‍കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഈസമയം കുഞ്ഞ് ഭയന്ന് കരഞ്ഞു. ദൃശ്യങ്ങള്‍ നെസി മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തതിനെത്തുടര്‍ന്ന് ഇവരാണ് തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്.
അടുപ്പത്തിലായിരുന്ന ജിന്‍സണും നെസിയും 2018-ലാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ബി.എസ്സി. നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ നെസി, മകള്‍ക്ക് അഞ്ചുമാസം പ്രായമായപ്പോള്‍ മുംബൈയില്‍ ജോലികിട്ടി പോയി. ജിന്‍സണ്‍ നാട്ടില്‍ ഡ്രൈവറായി ജോലിനോക്കി. ഇതിനിടെ ഇയാള്‍ വിദേശത്ത് പോകാനായി 50,000 രൂപ ഭാര്യയോട് വാങ്ങുകയും ചെയ്തു. വിദേശത്തുപോയ ജിന്‍സണ്‍ മൂന്നുമാസം കഴിഞ്ഞ് നാട്ടിലേക്ക് പോന്നു. നെസിയോട് തിരികെ നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി. തിരികെവന്ന ഇവര്‍ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയി.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ജോലികിട്ടി വിദേശത്തേക്ക് വീണ്ടും പോയത്. അന്നുമുതല്‍ പണം ആവശ്യപ്പെട്ട് ഫോണിലൂടെ ജിന്‍സണ്‍ ഭീഷണി തുടര്‍ന്നു. എല്ലാമാസവും നെസി പണം നല്‍കുകയുംചെയ്തു. കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള ഭീഷണി. ഇത് നല്‍കാത്തതിനാണ് കുഞ്ഞിനോട് അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു.
63 1 minute read